
കൊല്ലം: ഐഷ പോറ്റി കോണ്‍ഗ്രസിലെത്തിയപ്പോൾ പഴയൊരു വീഡിയോയും ചർച്ചയാകുന്നു. കഴിഞ്ഞ വർഷം ജുലൈയിൽ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിനെത്തിയപ്പോഴുള്ള ഐഷ പോറ്റിയുടെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. കോൺഗ്രിൽ ചേരാനല്ല ഈ വേദിയിലെന്ന് പറഞ്ഞാണ് ഐഷ പോറ്റി തുടങ്ങിയത്. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന പ്രചാരണം ചിരിപ്പിക്കുന്നതാണ് എന്നും ഐഷ പോറ്റി അന്ന് പറഞ്ഞു. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തിലായിരുന്നു ഈ പ്രസംഗം.
സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത പ്രചാരണമാണ് നടക്കുന്നതെന്നും വിമര്‍ശനങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കുന്നുവെന്നും ഐഷ പോറ്റി അന്ന് പറഞ്ഞു. താനൊരു പാര്‍ലമെന്‍ററി മോഹിയല്ല. പ്രസ്ഥാനം അവസരങ്ങള്‍ തന്നാലും ജനം വോട്ടു ചെയ്താലേ ആരും ജയിക്കുകയുള്ളൂവെന്നും ഐഷ പോറ്റി പറഞ്ഞു. രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെന്നു പറയാന്‍ ഒരു പേടിയുമില്ല. ചിരിച്ചാല്‍ ആത്മാര്‍ത്ഥതയോടെയാകണമെന്നും അവർ കൂട്ടിച്ചേര്‍ത്തു.
പാർട്ടി അവഗണിച്ചെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നുമാണ് കോൺഗ്രസിൽ ചേർ ശേഷം സിപിഎം മുൻ എംഎൽഎ കൂടിയായ ഐഷ പോറ്റിയുടെ വാക്കുകൾ. സിപിഎം അണികളോട് യാതൊരു എതിർപ്പുമില്ലെന്നും ഐഷ പോറ്റി കൂട്ടിച്ചേർത്തു. മുന്നോട്ട് പോകാൻ പറ്റാതെ വന്നതോടെ സിപിഎം വിട്ടുവെന്നും ഐഷ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചാണ് സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേര്‍ന്നത്. കോണ്‍ഗ്രസിന്‍റെ രാപ്പകൽ സമരപ്പന്തലിലെത്തി കെപിസിസി അധ്യക്ഷനിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വർഗ്ഗ വഞ്ചക എന്ന വിളി പ്രതീക്ഷിക്കുന്നുവെന്നും എക്കാലവും താൻ മനുഷ്യ പക്ഷത്തെന്നും ഐഷാ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ ഐഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam