
ആലപ്പുഴ : അപേക്ഷകയ്ക്ക് പ്രായം കുറവാണെന്ന കാരണം പറഞ്ഞ് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിഷേധിക്കപ്പെട്ട പട്ടികജാതിക്കാരിയും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയുമായ വീട്ടമ്മക്ക് ഒടുവിൽ വീട് ലഭിക്കാൻ വഴിതുറന്നു. ചേര്‍ത്തല സ്വദേശിനി പാണ്ടോത്ത് ചിറ രതികക്ക് അടിയന്തരമായി വീട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
രതികയുടെ കുടിലിലെത്തിയ ജില്ലാ കലക്ടര്‍ അവരുടെ ദുരിതവും സ്ഥിതിയും നേരിട്ട് കണ്ട് മനസിലാക്കി ശേഷമാണ് നിർദ്ദേശം നൽകിയത്. ലൈഫ് മിഷനില്‍ രതികയുടെ കുടുംബത്തിന് ലൈഫ് മിഷനിൽ വീട് ലഭിക്കാൻ അര്‍ഹതയുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. രതികക്ക് വേണ്ടി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റർക്ക് ജില്ലാ കലക്ടര്‍ കത്ത് നല്കിയിട്ടുണ്ട്. വിവരം പുറത്ത് വന്നതിന് പിന്നാലെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി പ്രസാദ്, കലക്ടറോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
അപേക്ഷകക്ക് പ്രായം കുറവാണെന്ന കാരണം പറഞ്ഞ് പട്ടികജാതിക്കാരിയായ വീട്ടമ്മക്ക് സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് ലൈഫ് മിഷനില്‍ വീട് നിഷേധിച്ചത്. കരട് മുൻഗണന പട്ടികയിൽ മൂന്നാം റാങ്കിലായിരുന്ന കുടുംബത്തെ അന്തിമ പട്ടികയിൽ 148 ാം സ്ഥാനത്തേക്ക് വെട്ടിമാറ്റി. നൂറ് ശതമാനം മാനസിക ശാരീരിക വൈകല്യമുള്ള പതിമുന്ന് വയസുകാരിയായ മകള്‍ക്ക് അര്‍ഹതപ്പെട്ട വെയ്റ്റേജും വെട്ടിക്കുറച്ചു.
ഒറ്റമുറി കുടിലിലാണ് കുടുംബം താമസിക്കുന്നത്. പതിമൂന്നുകാരിയ മകള്‍ ശ്രീലക്ഷ്മി നൂറ് ശതമാനം മാനസിക- ശാരിരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ബാത്ത്റൂമില പോകാൻ പോലും പരസഹായം വേണം. 2020 ലാണ് രതിക ലൈഫ് മിഷനില്‍ വീടിന് അപേക്ഷ നൽകിയത്. ഗുണഭോക്താക്കളുടെ കരട് പട്ടികയില്‍ പതിനാറാം സ്ഥാനത്തായിരുന്ന ഇവർ, മകളുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയതോടെ മൂന്നാം സ്ഥാനത്തേക്ക് എത്തി.
അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നവുമായി പ്രതീക്ഷയോടെ കഴിയുമ്പോഴാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്‍റെ കടുംവെട്ടുണ്ടായത്. അന്തിമപട്ടികയില്‍ ഈ കുടുംബത്തിന്‍റെ റാങ്ക് 148 ലേക്ക് ഒതുക്കി. രതികക്ക് 35 വയസ് മാത്രമേ പ്രായമുള്ളൂവെന്നും വീടിനായി ഇനിയും കാത്തിരിക്കാൻ ഏറെ സമയമുണ്ടെന്നുമായിരുന്നു കാരണം തിരക്കിയ രതികയോടെ അധികൃതര്‍ പറഞ്ഞത്. ഇത് വാർത്തയായതോടെയാണ് അധികൃതരുടെ ഇടപെടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam