
തൃശൂര്‍: സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ചാലയ്ക്കല്‍ വീട്ടില്‍ ബിജു (31)വിനെ വെട്ടിക്കൊന്ന കേസിൽ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. സിഐടിയു ചുമട്ടുതൊഴിലാളിയായ ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് കോടതിയുടെ സുപ്രധാന വിധി.
കുമ്പളങ്ങാട് മൂരായില്‍ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടന്‍ സെബാസ്റ്റ്യന്‍ (46), തൈക്കാടന്‍ ജോണ്‍സണ്‍ (51), കിഴക്കോട്ടില്‍ ബിജു എന്ന കുചേലന്‍ ബിജു (46), കരിമ്പന വളപ്പില്‍ സജീഷ് എന്ന സതീഷ്( 39), കരിമ്പനവളപ്പില്‍ സുനീഷ് (34), കരിമ്പനവളപ്പില്‍ സനീഷ്(37) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.എം. രതീഷ് കുമാറിന്റേതാണ് വിധി. പ്രതികള്‍ എട്ടു പേരെയും റിമാന്റ് ചെയ്ത് സബ് ജയിലിലേക്കയച്ചു. ശിക്ഷ നാളെ പ്രസ്താവിക്കും.
2010 മേയ് 16 വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കുമ്പളങ്ങാട് ഗ്രാമീണ വായനശാലയുടെ മുന്‍വശത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ബിജുവിന്റെയും ജിനീഷിന്റെയും അരികിലെത്തിയ ബിജെ.പി, ആര്‍എസ്.എസ്. പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ട്രീയവിരോധം വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്. ബിജുവിനെ വെട്ടിയും കമ്പിവടികൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. തടയാൻ ചെന്ന ജിനീഷിനെയും വെട്ടി പരുക്കേൽപ്പിച്ചു.
കേസില്‍ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ ആറാം പ്രതി രവി മരണപ്പെട്ടു. വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.എസ്. സിനോജാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബു, അഡ്വ. ശരത് ബാബു കോട്ടയ്ക്കല്‍, അഡ്വ. രേഷ്മ പി.വി. എന്നിവര്‍ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam