
കോന്നി: പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും എംഎൽഎ കുറിച്ചു.
ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ, കൂട്ടിന് എറണാകുളം ഡിസിസി പ്രസിഡന്‍റിനെയും അങ്ങേയ്ക്ക് ഒപ്പം കൂട്ടാവുന്നതാണ്. മെയ് നാലോടെ യുഡിഎഫിന്‍റെ അവകാശവാദങ്ങൾ പൊളിയുമെന്നും അന്ന് അങ്ങേയ്ക്ക് വനവാസത്തിന് വരാമെന്നും ജനീഷ് കുമാർ പരിഹസിച്ചു. പത്തനംതിട്ട ജില്ലയിൽ അഞ്ച് സീറ്റും യുഡിഎഫ് നേടുമെന്നത് സതീശന്‍റെ നുണകളിൽ ഏറ്റവും വലിയ നുണയാണ്. മെയ് 4 വരെ സമാധാനമായി ഉറങ്ങാൻ വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയത്.
ജില്ലയിൽ അഞ്ച് സീറ്റുകളിലും എൽഡിഎഫ് വിജയം ആവർത്തിക്കുമെന്നും, അതിൽ തന്നെ ആറന്മുളയിലായിരിക്കും ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകുമ്പോൾ കേരളം ദുഃഖിക്കില്ലെന്ന് എംഎൽഎ പറഞ്ഞു. രാമൻ വനവാസത്തിന് പോയപ്പോൾ അയോധ്യയിലെ ജനങ്ങൾ ദുഃഖിച്ചതുപോലെ കേരളം പ്രതികരിക്കില്ല. പകരം, കേരളത്തിലെ ജനങ്ങൾ അങ്ങയോട് ചോദിക്കുക ഫണ്ടെവിടെ, വീടെവിടെ എന്നായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam