
കൊച്ചി: ആലുവ ആലങ്ങാട് മോഷണ ശ്രമത്തിനിടെ മോഷ്ടാവ് ഗൃഹനാഥന്റെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ഓടി രക്ഷപെട്ടു . ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആലങ്ങാട് മാളികംപീടിക ചെങ്ങണിക്കുടത്ത് വീട്ടിൽ നാസറിനാണ് ദുരനുഭവം. മകളെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം വീട്ടിലെത്തി മുറ്റത്ത് വാഹനം നിർത്തി അകത്തേക്ക് കയറുകയായിരുന്നു ഇദ്ദേഹം. ഈ സമയത്താണ് വീടിന് പുറത്ത് നിന്ന് ശബ്ദം കേൾക്കുന്നത്. ഇത് പരിശോധിക്കാൻ ഇറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച ഒരു യുവാവ് നിൽക്കുന്നത് കണ്ടു. ആദ്യം പകച്ചെങ്കിലും ധൈര്യം സംഭരിച്ച് മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ നാസറിന്റെ ദേഹത്തേക്ക് ഒഴിച്ച മോഷ്ടാവ് അടുത്തുണ്ടായിരുന്ന ബൈക്ക് തള്ളിയിട്ട ശേഷം ഇരുട്ടത്തേക്ക് ഓടി മറഞ്ഞു.
ഉടനെ ആലങ്ങാട് പൊലീസിൽ നാസർ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ 6 മണിവരെ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. എങ്കിലും നാസറിൻ്റെ അടുത്തുള്ള മറ്റൊരു വീട്ടിലെ ബൈക്കിൽ വെച്ചിരുന്ന ഹെൽമറ്റ് മോഷണം പോയെന്ന് കണ്ടെത്തി. ഇതോടെ ബൈക്ക് മോഷ്‌ടാവാണ് ഇവിടെയെത്തിയതെന്ന അനുമാനത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം തൊട്ടടുത്ത പ്രദേശങ്ങളായ കോട്ടപ്പുറം കൊല്ലംപറമ്പ് ക്ഷേത്രത്തിലും കരുമാലൂർ ചെട്ടിക്കാട് മേഖലയിലെ വീടുകളിലും മോഷണം നടന്നിരുന്നു. തൊട്ടുപിന്നാലെയാണ് നാസറിൻ്റെ വീട്ടിലെ മോഷണ ശ്രമം. ഒരു മാസത്തിനിടെ നടക്കുന്ന ഒൻപതാമത്തെ മോഷണമാണിത്. ഒരു വർഷത്തിനിടെ കരുമാലൂർ- ആലങ്ങാട് മേഖല കേന്ദ്രീകരിച്ച് അൻപതിലേറെ മോഷണങ്ങളാണ് നടന്നിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. ക്രമാതീതമായി ഉയർന്ന മോഷണങ്ങളിൽ നാട്ടുകാർ ഭീതിയിലാണ്. പൊലീസ് മോഷ്ടാക്കളെ കണ്ടെത്തണമെന്നും സുരക്ഷയ്ക്ക് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam