
കോഴിക്കോട്: ആംബുലൻസ് ഡ്രൈവർമാർക്ക് സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ആംബുലൻസ് ഉടമസ്ഥരുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറക്കാൻ ആണ് മന്ത്രി വീണ ജോർജ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നും പണം നൽകുന്നതിന് തെളിവുണ്ടെങ്കിൽ പുറത്ത് വിടണം, അങ്ങിനെ ഉണ്ടെങ്കിൽ മന്ത്രി നടപടി എടുക്കുകയാണ് വേണ്ടത്. ആംബുലൻസ് ഉടമകളെ മന്ത്രി അപമാനിക്കുകയാണ് ചെയ്തത്. മന്ത്രിയെ നേരിട്ട് കണ്ടു പ്രതിഷേധം അറിയിക്കും. രോഗിയെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് ഡോക്ടർ നിർദേശിക്കുന്ന ഹോസ്പിറ്റലിലേക്ക് മാറ്റും. ഏത് ആശുപത്രിയിൽ എത്തിക്കണം എന്ന് ആംബുലൻസ് ഡ്രൈവർ അല്ല തീരുമാനിക്കുന്നത് എന്നും സംഘടന പ്രതിനിധി വ്യക്തമാക്കി.
രോഗിയെ എത്തിച്ചുകൊടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി, ഒരാൾക്ക് പതിനായിരം രൂപ എന്ന കണക്കിൽ കമ്മീഷൻ നൽകുന്നതായാണ് വീണ ജോർജ് പറഞ്ഞത്. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിൽ നടത്തിയ പൊതുപരിപാടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഡോക്‌ടർമാർ തന്നോട് പറഞ്ഞതാണ് ഇക്കാര്യമെന്നാണ് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.
‘ആംബുലൻസ് ഡ്രൈവർമാർക്ക് ആശുപത്രികൾ അയ്യായിരം രൂപ വരെ നൽകുന്നുണ്ട്. പത്ത് രോഗികളെ എത്തിച്ചാൽ ആംബുലൻസ് ഡ്രൈവർമാർക്ക് 50,000 രൂപ ലഭിക്കും. രോഗികളുടെ ബില്ലിൽ നിന്നാണ് ആശുപത്രികൾ ഈ തുക തിരിച്ച് ഈടാക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് സ്വകാര്യ ആശുപത്രികളിൽ വൻതോതിൽ നിക്ഷേപം നടത്തിയത് ആഗോള മരുന്ന് കമ്പനികളാണ്. 80 ഉം 90 ഉം ശതമാനം ഓഹരി നിക്ഷേപം നടത്തിയ ഈ കമ്പനികൾ മറ്റ് സംസ്ഥാനങ്ങളിൽ ബെഡ് ഒന്നിന് ഒന്നര കോടി രൂപയാണ് നിക്ഷേപം നടത്തിയത്.’ എന്നാൽ കേരളത്തിൽ രണ്ടര കോടി രൂപയാണ് ഇവർ നിക്ഷേപിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam