പ്രതിഫലം കുറയ്ക്കൽ: മോഹൻലാൽ എത്തിയ ശേഷം ചർച്ചയെന്ന് അമ്മ നേതൃത്വം, നിർമ്മാതാക്കൾക്ക് അതൃപ്തി

By Web TeamFirst Published Jun 17, 2020, 1:00 PM IST
Highlights

മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ ച‍ർച്ച നടക്കൂവെന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ടിനി ടോം

കൊച്ചി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് താരങ്ങൾ പ്രതിഫലം വെട്ടിച്ചുരുക്കണമെന്ന നിർദേശം ചർച്ച ചെയ്യാതെ അമ്മ. കൊവിഡ് ലോക്ക് ഡൗൺ കാരണം ചെന്നൈയിൽ കുടുങ്ങിയ അമ്മ പ്രസിഡൻ്റ് മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ എക്സിക്യൂട്ടീവ് യോ​ഗം വിളിച്ച് വിഷയം ച‍ർച്ച ചെയ്യാൻ സാധിക്കൂ എന്ന് അമ്മ നേതൃത്വം വ്യക്തമാക്കി. 

പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നി‍ർമ്മാതാക്കൾ അമ്മ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും എന്നാൽ മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ ച‍ർച്ച നടക്കൂവെന്നും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ടിനി ടോം അറിയിച്ചു. നിലവിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാവരും ഒരുമിച്ചു പോകണമെന്നാണ് ആ​ഗ്രഹമെന്നും ടിനി ടോം പറഞ്ഞു. 

അതേസമയം പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ ച‍ർച്ച നടത്താൻ മലയാള സിനിമാ നിർമ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള  ചർച്ച തുടങ്ങി . കൊച്ചിയിൽ ആണ് യോഗം ചേരുന്നത്. പ്രതിഫല വിഷയത്തിലെ തുടർ നടപടികൾ തീരുമാനിക്കാനാണ് യോഗം. അമ്മ,ഫെഫ്ക സംഘടനകളുമായി ചർച്ച നടത്തുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ  തീരുമാനമുണ്ടാകും. അതെ സമയം പ്രതിഫല വിഷയത്തിൽ  താര സംഘടന യുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾക്ക് അതൃപ്തിയുണ്ട്. ഫെഫ്കയുടെ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും അനുകൂല നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നു.

click me!