ആളിക്കത്തിയ വിവാദങ്ങൾ, പോരടിച്ച ഭരണ-പ്രതിപക്ഷം, ഒപ്പം ഗവർണറും, ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി; പടിയിറങ്ങാൻ 2023

Published : Dec 31, 2023, 08:24 AM IST
ആളിക്കത്തിയ വിവാദങ്ങൾ, പോരടിച്ച ഭരണ-പ്രതിപക്ഷം, ഒപ്പം ഗവർണറും, ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി; പടിയിറങ്ങാൻ 2023

Synopsis

ഭരണത്തലവനും ഭരണഘടനാതലവനും തമ്മിലെ തെരുവ് യുദ്ധത്തിന്‍റെ അലയോലി പുതുവര്‍ഷത്തിലേക്കും

തിരുവനന്തപുരം: ആളിക്കത്തിയ വിവാദങ്ങൾക്കൊപ്പം ഭരണപ്രതിപക്ഷ പോരും അസാധാരണ വെല്ലുവിളികളുമായാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് 2023 പടി ഇറങ്ങുന്നത്. ഭരണത്തലവനും ഭരണഘടനാതലവനും തമ്മിലെ തെരുവ് യുദ്ധത്തിന്‍റെ അലയോലി പുതുവര്‍ഷത്തിലേക്കും നീളും. ഉമ്മൻ ചാണ്ടിയും കാനം രാജേന്ദ്രനും വിടപറഞ്ഞ 2023 സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിലുണ്ടാക്കിയ വിടവും ചെറുതല്ല 

ഇതിനുമുൻപ് ഉണ്ടായിട്ടില്ല, ഇങ്ങനെയൊരു കാലമെന്ന് അടിക്കടി തോന്നിപ്പിച്ചാണ് 2023 കടന്ന് പോകുന്നത്. നവകേരള സദസെന്ന ബാനറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിയപ്പോൾ വികസനത്തിന് അപ്പുറം ചര്‍ച്ച രാഷ്ട്രീയത്തിൽ ഊന്നി. സര്‍ക്കാര്‍ ചെലവിലെ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന മറുവാദവും ജനവഞ്ചനയാണെന്ന മറുപടിയുമായി ഒട്ടും വിട്ടുകൊടുത്തില്ല പ്രതിപക്ഷം. തെരുവിൽ തല്ലായി. തല്ലിന് ന്യായീകരണങ്ങളായി. മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനപരാമര്‍ശത്തിലെ പിടി ഇതുവരെ വിട്ടിട്ടില്ല പ്രതിപക്ഷം

വര്‍ഷാദ്യം നിയമസഭക്ക് അകത്ത് ഏറ്റുമുട്ടി തുടങ്ങിയാണ് ഭരണപ്രതിപക്ഷങ്ങൾ. സംസ്ഥാന ബജറ്റിൽ ഏര്‍പ്പെടുത്തിയ അധിക സെസ്സിലും വര്‍ധിപ്പിച്ച നികുതി സേവന നിരക്കുകളിലും സര്‍ക്കാരിനെതിരെ സഭക്ക് അകത്ത് ഉയർന്ന കലാപക്കൊടി പുറത്തും കത്തിപ്പടര്‍ന്നു. പ്രതിഷേധങ്ങൾ തെരുവുയുദ്ധങ്ങളായി. ഒരു പ്രകോപനത്തിന് മുന്നിലും പിൻകാൽ വച്ചില്ല പിണറായി.

പതിവില്ലാത്ത വിധം രാജ്ഭവൻ കൂടി ഇടഞ്ഞതോടെ സര്‍ക്കാരിനിപ്പോൾ പ്രതിപക്ഷം രണ്ടാണ്. നയപ്രഖ്യാപനത്തിൽ ഉടക്കിട്ടും നിയമസഭ പാസാക്കുന്ന ബില്ലുകൾ കാരണം പറയാതെ പിടിച്ചുവച്ചും സര്‍വ്വകാശാലകളിൽ തന്നിഷ്ടം നടപ്പാക്കിയും ഗവര്‍ണര്‍ ഇടഞ്ഞു. ഉപചാരങ്ങൾക്ക് പോലും മുഖം കൊടുക്കാനാകാത്ത വിധം അകന്ന് പോയി ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്. വീറും വാശിയും നിറഞ്ഞ പരസ്പര പ്രതികരണങ്ങൾക്കിടക്ക് സമവായത്തിനിനി സാധ്യതകളുമില്ല. സര്‍ക്കാരിന്റെ മനസറിയുന്ന വിദ്യാർത്ഥി യുവജന വിഭാഗങ്ങൾ ചാൻസിലര്‍ക്കെതിരായ സമരവുമായി തെരുവിലുണ്ട്. 

കിഫ്ബി ഏറ്റെടുത്ത നിർമാണ പദ്ധതികളിൽ മെല്ലെപ്പോക്ക്; കരാറുകാർക്ക് കോടികളുടെ കുടിശ്ശിക

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി പ്രതിപക്ഷം ഉയര്‍ത്തിയ മാസപ്പടി വിവാദം, റോഡിലെ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം, ലോക കേരള സഭ മുതൽ ഇങ്ങ് കേരളീയം നടത്തിപ്പ് വരെ നീണ്ട കെടുകാര്യസ്ഥത ആരോപണങ്ങൾ. സാമ്പത്തിക പ്രതിസന്ധിയിലൂന്നി കേന്ദ്ര സംസ്ഥാന തകര്‍ക്കങ്ങളും വാക്പോരുകളും, തമ്മിൽ തല്ലിന് ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വീണ് കിട്ടിയ വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്. 

അടിമുടി ജനനേതാവെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉമ്മൻചാണ്ടി അരങ്ങൊഴിഞ്ഞത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. ഭരണമുന്നണിക്കകത്ത് പ്രതിപക്ഷ സ്വരമായിരുന്ന കാനം രാജേന്ദ്രൻ കേരള രാഷ്ട്രീയത്തിന് ഡിസംബറിന്‍റെ നഷ്ടമായി. ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിന് പുതുമുഖത്തെ കിട്ടി. 

രണ്ടര വര്‍ഷമെന്ന മുൻധാരണയിൽ രണ്ട് മന്ത്രിമാരെ മാറ്റി രണ്ടാം പിണറായി സര്‍ക്കാര്‍ മുഖം മിനുക്കി. പൗരത്വ പ്രശ്നത്തിലും പലസ്ഥീൻ വഷയത്തിലും തുടങ്ങി നവകേരള സദസ്സ് കഴിയുമ്പോഴും മുസ്ലീം ലീഗിലേക്ക് നീട്ടിയിട്ടൊരു കോണി മുന്നണി രാഷ്ട്രീയത്തിൽ ചാരിവച്ചിട്ടുണ്ട് ഇടതുമുന്നണി. 2024 പിറക്കുമ്പോൾ വഴികളെല്ലാം ലോക്സഭയിലേക്കാണ്. ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് മുൻനിര്‍ത്തിയും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക