അങ്കമാലി വാഹനാപകടം: അനധികൃതമായി നിർമിച്ച കെട്ടിടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭാഗികമായി തകർത്തു

By Web TeamFirst Published Nov 27, 2019, 4:31 PM IST
Highlights

ദേശീയ പാതയിൽ കാഴ്ച മറച്ച് നിർമിച്ച കെട്ടിടമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം നാല് പേരുടെ അപകട മരണത്തിന് റോഡിൽ കയറ്റി നിർമിച്ച കെട്ടിടം കാരണമായിരുന്നു.

കൊച്ചി: അങ്കമാലിയിൽ അടിക്കടി വാഹനാപകടത്തിന് കാരണമായ കെട്ടിടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാഗികമായി തകര്‍ത്തു. ദേശീയ പാതയിൽ റോഡിലെ കാഴ്ച മറച്ച് നിർമിച്ച കെട്ടിടമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ തടഞ്ഞു. കെട്ടിടം അനധികൃതമാണെന്നും ഇന്ന് തന്നെ പൊളിക്കുമെന്നും നഗരസഭാ അധ്യക്ഷ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നാല് പേരുടെ അപകട മരണത്തിന് റോഡിൽ കയറ്റി നിർമിച്ച കെട്ടിടം കാരണമായിരുന്നു.

അങ്കമാലി ദേശീയപാതയിൽ വാഹന യാത്രക്കാരുടെ കാഴ്ച മറയ്‍ക്കുന്ന ഈ കെട്ടിടം പൊളിച്ച് മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. വളവോട് കൂടിയ ദേശീയപാതയിൽ സ‌ഞ്ചരിക്കുന്ന വാഹനങ്ങൾക്ക് റോഡിൽ കയറി നിൽക്കുന്ന ഈ കെട്ടിടം കാരണം പലപ്പോഴും മറുവശത്തെ കാഴ്ചകൾ കിട്ടാറില്ല. ദേശീയപാത അധികൃതരാണ് നടപടിയെടുക്കേണ്ടതെന്ന് നഗരസഭയും നഗരസഭയാണ് കെട്ടിട നമ്പർ നൽകിയതെന്ന് പറഞ്ഞ് ദേശീയപാത അധികൃതരും നാളിതുവരെ കെട്ടിടത്തിന് എതിരായ നടപടികളിൽ കണ്ണടച്ചു. ഒടുവിൽ വീണ്ടുമൊരു ദാരുണ അപകടം നടക്കണ്ടിവന്നു അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ. കെട്ടിടത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പൊളിക്കല്‍ നടപടി തുടങ്ങിയിരുന്നു.

ദേശീയപാതയിൽ തുടർച്ചയായി അപകടമുണ്ടാക്കുന്ന കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കില്‍ ഇനി അപകടം ഉണ്ടായാൽ ഉടമകളെ പ്രതിയാക്കി കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കെട്ടിടം പൊളിക്കാമെന്നറിയിച്ച് ഉടമകളിൽ ഒരാളും രംഗത്തുവന്നിരുന്നു. കളമശ്ശേരി സ്വദേശി ശശി, ദേവസ്യ അറയ്ക്കൽ എന്നിവരുടെ ഉടമസ്ഥതയിലാണ് കെട്ടിടം. അങ്കമാലി സെന്‍റ് ജോർജ്ജ് ബസിലിക്കയിൽ കുർബാന കൂടിയ ശേഷം ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരിമാരടക്കം നാല് പേരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ തൽക്ഷണം മരിച്ചത്. 

ഏതാനും മീറ്ററുകൾ ഓട്ടോറിക്ഷയെ വലിച്ച് പോയ സ്വകാര്യ ബസ്സ് ദേശീയപാതയിലെ ഒരു കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ബസ്സിനടിയിൽ പെട്ടുപോയ ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത്. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. അങ്കമാലി മങ്ങാട്ടുകര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജോസഫ്,  കല്ലുപാലം സ്വദേശിനി മേരി ജോർജ്ജ്,മൂക്കന്നൂർ സ്വദേശിനി റോസി തോമസ്,മാബ്ര സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. 

click me!