
തൃശൂര്‍: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അനിൽ അക്കരെ എംഎൽഎയും ആശുപത്രിയിലെത്തിയത് എൻഐഎ അന്വേഷിക്കുന്നു. സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയതായി കണ്ടെത്തിയ എൻഐഎ ഇത് എന്തിനെന്ന് എംഎൽഎയോട് ആരാഞ്ഞു. മറ്റേതെങ്കിലും പ്രമുഖർ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനെന്നായിരുന്നു അനിൽ അക്കരെ നൽകിയ മറുപടി.
നേരത്തെ സ്വപ്നയുടെ ആശുപത്രിവാസത്തിൽ ദുരൂഹതയുണ്ടെന്ന് സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തിയാണെന്നും ആരോപിച്ച് അനിൽ അക്കര എംഎൽഎ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എംഎൽഎ, എംപി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ടെന്നുമായിരുന്നു അനിൽ അക്കരെയുടെ ആരോപണം. ഇതിനിടെയാണ് എൻഐഎ, എംഎൽഎയുടെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.
സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻഐഎ പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഫോൺവിളികളെക്കുറിച്ചും മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും എൻഐഎ വിവരങ്ങൾ ശേഖരിച്ചു. അതേ സമയം നഴ്സുമാര്‍ ഫോണുപയോഗിച്ചെന്ന ആരോപണം തൃശൂർ മെഡിക്കൽ കോളേജ് അധികൃതരും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
ആശുപത്രിവാസത്തിനിടെ സ്വപ്ന ഫോൺ വിളിച്ചോ? പരിശോധിക്കുന്നു, റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും
കഴിഞ്ഞ സെപ്റ്റംബര്‍ 7 നായിരുന്നു നെഞ്ചു വേദനയെ തുടർന്ന് സ്വപ്നയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു ദിവസമാണ് ആദ്യത്തെ തവണ ഇവര്‍ ആശുപത്രിയിൽ ചിലവിട്ടത്. ഈ സമയത്ത് ചില ഇടത് അനുഭാവികളായ നഴ്സുമാരുടേ ഫോൺ ഉപയോഗിച്ച് സ്വപ്ന നിരവധി കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവര്‍ ഫോണിൽ സംസാരിച്ചിരുന്നതെന്നായിരുന്നു അനിൽ അക്കരെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam