
പത്തനംതിട്ട: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ അനിൽ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപിയിൽ കൂടുതൽ നേതാക്കൾ പരസ്യ വിമര്‍ശനവുമായി രംഗത്ത് വരുന്നു. അനിലിന്റെ സ്ഥാനാർഥിത്വം നിരാശപ്പെടുത്തിയെന്നും പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം അതാണെന്നുമാണ് വിമര്‍ശനം. വലിയ വിജയ സാധ്യതയുള്ള മണ്ഡലം ആയിരുന്നു പത്തനംതിട്ടെന്നും എന്ത് അടിസ്ഥാനത്തിൽ ആണ് ഇങ്ങനെയൊരു സ്ഥാനാർഥി വന്നത് എന്ന് അറിയില്ലെന്നും ബിജെപി ചിറ്റാർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ് പ്രതാപൻ വിമര്‍ശിച്ചു. പി.സി ജോർജ് പറഞ്ഞത് പോലെ സ്ഥാനാർഥിയെ ആളുകൾക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥയാണ്. സ്ഥാനാർഥിയെ സ്വീകരിക്കാൻ ആർഎസ്എസ് പറഞ്ഞാൽ മാത്രമേ അനുസരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിൽ പിസി ജോര്‍ജ്ജിനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് അനിൽ ആന്റണിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ഇന്ന് വൈകിട്ട് അദ്ദേഹം പിസി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തും. പ്രശ്ന പരിഹാരം ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ഇതിന് ശേഷമേ മണ്ഡല പര്യടനം തുടങ്ങൂ. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനിൽ ആന്റണി പിസി ജോര്‍ജ്ജിനെ കാണാനെത്തുന്നത്. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമാകും അനിൽ ആന്റണി ഇന്ന് വൈകിട്ട് പിസി ജോർജിനെ കാണുക.
എന്നാൽ അനിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനാൽ പത്തനംതിട്ടയിലെ സാഹചര്യം ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന ഘടകത്തോട് വിവരങ്ങൾ തേടി. പി സി ജോർജിനെതിരായ പരാതി ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര നേതാക്കൾക്കും പിസിയുടെ നീക്കങ്ങളിൽ അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം രാജ്യത്ത് മറ്റെവിടെയും ഉയരാത്ത പ്രതിഷേധവും പ്രസ്താവനകളുമാണ് പിസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam