ബിബിസിയിൽ തുടങ്ങി, സുരേന്ദ്രന് ലൈക്ക്, രാഹുലിന് കുത്ത്, മോദിക്കും സ്മൃതിക്കും പ്രശംസ; 'ഡിജിറ്റൽ' വഴി ബിജെപിയിൽ

Published : Apr 06, 2023, 04:32 PM ISTUpdated : Apr 06, 2023, 04:38 PM IST
ബിബിസിയിൽ തുടങ്ങി, സുരേന്ദ്രന് ലൈക്ക്, രാഹുലിന് കുത്ത്, മോദിക്കും സ്മൃതിക്കും പ്രശംസ; 'ഡിജിറ്റൽ' വഴി ബിജെപിയിൽ

Synopsis

സംസ്ഥാനത്തും ദേശീയ തലത്തിലും കോൺഗ്രസിന്‍റെ ഡിജിറ്റൽ മീഡിയയുടെ ചുമതലക്കാരനായിരുന്ന അനിലിന്, ബി ജെ പിയിൽ എന്താകും റോൾ എന്നതാണ് ഇനി അറിയാനുള്ളത്

ദില്ലി: കോൺഗ്രസ് പാ‍ർട്ടിയുടെ സമുന്നത നേതാവ് എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബി ജെ പിയിൽ ചേർന്നു എന്ന വാർത്ത ആരെയും അത്രപെട്ടന്ന് ഞെട്ടിക്കുന്നതായിരിക്കില്ല. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ സംഭവിക്കുമെന്ന് കരുതിയതും പ്രതീക്ഷിച്ചതും തന്നെയാണ് ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടത്. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പറഞ്ഞ ബിബിസി ഡോക്യുമെന്‍ററി വിവാദകാലം മുതലാണ് അനിൽ കോൺഗ്രസ് പാളയത്തിൽ പുകഞ്ഞുതുടങ്ങിയത്. അതിന് ശേഷം സുരേന്ദ്രന് ലൈക്കും രാഹുലിന് കുത്തും മോദിക്കും സ്മൃതിക്കും ജയശങ്കറിനും പ്രശംസയും നൽകിയപ്പോൾ തന്നെ അനിലിന്‍റെ പോക്ക് എങ്ങോട്ടേക്കാണെന്നതിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വ്യക്തതയുണ്ടായിരുന്നു. അത് തന്നെയാണ് ഏറ്റവും ഒടുവിൽ സംഭവിച്ചതും. സംസ്ഥാനത്തും ദേശീയ തലത്തിലും കോൺഗ്രസിന്‍റെ ഡിജിറ്റൽ മീഡിയയുടെ ചുമതലക്കാരനായിരുന്ന അനിലിന്, ബി ജെ പിയിൽ എന്താകും റോൾ എന്നതാണ് ഇനി അറിയാനുള്ളത്.

'അങ്ങനെ ഒരു വിക്കറ്റ് കൂടി...'; അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ ശിവൻകുട്ടി

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന, ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെയാണ് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണി കോണ്‍ഗ്രസുമായി തെറ്റി തുടങ്ങിയത്. ഡോക്യുമെന്ററി ഉയര്‍ത്തി ദേശീയ - സംസ്ഥാന തലങ്ങളില്‍ ബി ജെ പിയെ നേരിടുന്നതിനിടെ അനില്‍ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. ബി ജെ പി അനുകൂല ട്വീറ്റ് ചര്‍ച്ചയായതോടെ ആന്റണിയുടെ മകനാണെന്നൊന്നും നോക്കാതെ തന്നെ നേതാക്കള്‍ അനിലിനെതിരെ പരസ്യനിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും അനില്‍ ആന്റണിക്കെതിരെ പോര് ആരംഭിച്ചു. കെ പി സി സി അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും അനിലിനെ തള്ളി പറഞ്ഞു. ഭൂരിഭാഗവും എതിര്‍നിരയില്‍ നിരന്നതോടെ പാര്‍ട്ടിയിലെ പദവികളെല്ലാം അനില്‍ രാജിവയ്ക്കുകയായിരുന്നു. കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എ ഐ സി സി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജി വച്ചത്.

രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെയും നേതാക്കളെയും പരസ്യമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബി ജെ പി നേതാക്കളെ പുകഴ്ത്തിയും ആന്റണിയുടെ മകന്‍ എത്തുന്ന കാഴ്ചയാണ് കണ്ടത്. 2024 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കമന്‍റ് കൂടിയായതോടെ അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി. എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെയും അനില്‍ ആന്റണി പ്രതികരിച്ചിരുന്നു. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നുമാണ് അനില്‍ പറഞ്ഞത്. 2024 ന് ശേഷം കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്നും 2017 ന് ശേഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനില്‍ പരിഹസിച്ചിരുന്നു.

ഇതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും പുകഴ്ത്തി രംഗത്തെത്തി. 'സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്' എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്. സ്മൃതിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് കൊണ്ടായിരുന്നു അനിലിന്റെ പുകഴ്ത്തല്‍. അതിന് മുന്‍പ് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെയും അനില്‍ പ്രശംസിച്ചിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ താല്‍പര്യം എപ്പോഴും ഉയര്‍ത്തി കാണിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ജയശങ്കറെന്നാണ് അനില്‍ പറഞ്ഞത്. 

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ തന്നെ അനിലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. രാഹുലിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ട്വീറ്റിനും അനില്‍ പിന്തണ അറിയിച്ചു. രാഹുലുും സംഘവും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്ന സുരേന്ദ്രന്റെ ട്വീറ്റിനായിരുന്നു ആന്റണിയുടെ മകന്റെ ലൈക്ക്... ആ ലൈക്കിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം അതേ സുരന്ദ്രനുമൊത്താണ് ദില്ലി ബി ജെ പി ആസ്ഥനത്തെത്തി അംഗത്വവും സ്വീകരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം