ബിജെപി നേതാവും മലയാളിയുമായ ജോര്‍ജ് റിച്ചാര്‍ഡ് ഹെ ആണ് ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയില്‍ ലോക്സഭയിലെത്തിയ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി.
ദില്ലി: ലോക്സഭയിലെ ആഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച നിര്‍ദേശം അംഗീകരിച്ചത്. പാര്‍ലമെന്‍റിലും സംസ്ഥാനത്തെ നിയമസഭകളിലും എസ്.സി-എസ്.ടി വിഭാഗത്തിനും ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും ഏര്‍പ്പെടുത്തിയ സംവരണം നീട്ടുന്നതുമായി ബന്ധപ്പെട്ട് ബില്‍ പരിഗണിക്കുന്ന ഘട്ടത്തിലാണ് ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനുള്ള സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.
നിയമനിര്‍മ്മാണ സഭകളിലെ സംവരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ പരിഷ്കാരം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെല്ലോട്ട് എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയാണ് വിഷയം പരിഗണിച്ചത്.
രാജ്യത്തെ ആഗ്ലോ ഇന്ത്യന്‍ സമൂഹം ഇപ്പോള്‍ ഭേദപ്പെട്ട ജീവിതനിലവാരത്തിലെത്തിയെന്നും ഇനിയവര്‍ക്ക് പാര്‍ലമെന്‍റില്‍ പ്രത്യേക സംവരണത്തിന്‍റെ ആവശ്യമില്ലെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സംവരണം പിന്‍വലിച്ചത് എന്നാണ് സൂചന. സംവരണം പിന്‍വലിച്ച ശേഷം സ്ഥിഗതികള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അതു പുനപരിശോധിക്കുമെന്ന നിലപാടിലാണ് കേന്ദ്രം എന്നാണ് സൂചന.
1953-ല്‍ കൊണ്ടു വന്ന നിയമപരിഷ്കരണം അനുസരിച്ച് അടുത്ത 30 വര്‍ഷത്തേക്ക് മാത്രമായുള്ള താത്കാലിക വ്യവസ്ഥ എന്ന നിലയിലാണ് ആഗ്ലോഇന്ത്യന്‍ വിഭാഗത്തിന് സംവരണം അനുവദിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ജനിക്കുകയും മാതാപിതാക്കളില്‍ ഒരാള്‍ ബ്രിട്ടീഷ് പൗരത്വമുള്ളയാളയിരിക്കുകയും ചെയ്യുന്നവരെയാണ് ആഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരനായി ഭരണഘടന വ്യാഖ്യാനിക്കുന്നത്.
1947-ല്‍ സ്വാതന്ത്യലബ്ധിക്ക് ശേഷം ഭൂരിപക്ഷം ബ്രിട്ടീഷുകാരും ഇന്ത്യ വിട്ടെങ്കിലും ഇവിടെ കുടുംബസമേതം തുടര്‍ന്നവരുടെ ക്ഷേമം ഉറപ്പ് വരുത്താനാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു മുന്‍കൈയ്യെടുത്ത് രണ്ട് ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ തെരഞ്ഞെടുപ്പിലൂടെ അല്ലാതെ ലോക്സഭയിലേക്ക് രാഷ്ട്രപതി നേരിട്ട് നാമനിര്‍ദേശം ചെയ്യുന്ന രീതി കൊണ്ടുവന്നത്.
ബിജെപി നേതാവും മലയാളിയുമായ ജോര്‍ജ് റിച്ചാര്‍ഡ് ഹെ ആണ് ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയില്‍ ലോക്സഭയിലെത്തിയ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ ആരേയും ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ശുപാര്‍ശ ചെയ്തിരുന്നില്ല.
അതേസമയം പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി മണ്ഡലങ്ങള്‍ സംവരണം ചെയ്ത രീതി ലോക്സഭയിലും നിയമനിര്‍മ്മാണസഭകളിലും അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി തുടരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന നിയമസഭകളിലെ ആഗ്ലോ ഇന്ത്യന്‍ സംവരണവും പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേരള നിയമസഭയില്‍ 140 തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ കൂടാതെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ഒരാളെ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. സിപിഎം നോമിനിയായ ജോര്‍ജ് ഫെര്‍ണാണ്ടസാണ് നിലവില്‍ കേരള നിയമസഭയിലെ നോമിനേറ്റഡ് മെംബര്‍.
