
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടതുവിരുദ്ധ മഹാസഖ്യമുണ്ടെന്ന ആരോപണമുയർത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സഖ്യത്തിന്റെ തുടക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലാണെന്നാണ് കോടിയേരി ഉയർത്തുന്ന ആക്ഷേപം. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. എന്നാലിത്തവണ ഇത്തവണ ഇടത് വിരുദ്ധ വോട്ടുകളെല്ലാം തൃക്കാക്കരയിൽ ഒരുമിച്ച സ്ഥിതിയുണ്ടായി. യുഡിഎഫ് പ്രചാരവേല ന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്നും അകറ്റാൻ കാരണമായി. കേരളത്തിൽ പുതിയ രാഷ്ട്രീയ ധ്രുവീകരണം വളരുന്നതായാണ് തൃക്കാക്കരയിലൂടെ സിപിഎം വിലയിരുത്തലെന്നും കോടിയേരി വിശദീകരിച്ചു.
''ഇടതുപക്ഷ വിരുദ്ധ മുന്നണിയുടെ തുടക്കമാണ് തൃക്കാക്കരയിൽ കണ്ടത്. ഇടത് വിരുദ്ധരുടെ മഹാ സഖ്യമാണ് ഇവരുടെ ലക്ഷ്യം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് അടക്കം അതിനായുള്ള നീക്കങ്ങൾ നടക്കുന്നതായും കോടിയേരി കുറ്റപ്പെടുത്തി. തൃക്കാക്കരയിൽ വോട്ടിംഗ് ശതമാനത്തിൽ വർദ്ധനവ് ഉണ്ടാക്കിയത് യുഡിഎഫിന്റെ യോജിച്ച പ്രവർത്തനത്തിലൂടെയായിരുന്നു. ഒപ്പം ബിജെപി വോട്ടും യുഡിഎഫിന് ലഭിച്ചു. എങ്ങനെയും ഇടതുമുന്നണിയെ തോൽപ്പിക്കുകയായിരുന്നു ബിജെപി ലക്ഷ്യം. 20 -20 യുടെ വോട്ട് മുഴുവൻ യുഡിഎഫിന് കിട്ടി''. എസ്ഡിപിഐ, വെൽവെയർ പാർട്ടിയും യുഡിഎഫിന് അനുകൂലമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കരയിൽ സർക്കാർ അതിപ്രസരം ഉണ്ടായിട്ടില്ലെന്നാണ് കോടിയേരിയുടെ വാദം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരുമിച്ച് വിട്ട് നിൽക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് തൃക്കാക്കരയിൽ ശ്രദ്ധിച്ചത്. പിബി മെമ്പർ എന്ന ഉത്തരവാദിത്തമാണ് പിണറായി തൃക്കാക്കര പ്രചാരണത്തിൽ നിർവഹിച്ചതെന്നും കോടിയേരി വിശദീകരിക്കുന്നു. സ്വർണക്കടത്തുകേസിൽ പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷ ശ്രമം നടക്കുന്നു. കേന്ദ്ര ഏജൻസികളെ ഇറക്കി കുഴപ്പമുണ്ടാക്കുന്നതിനെതിരെ പ്രചാരണം നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഇടതുവിരുദ്ധ മുന്നണിയെന്ന കോടിയേരിയുടെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. എൽഡിഎഫ് തോൽവി അംഗീകരിക്കുകയാണ് വേണ്ടതെന്നും അതു മറച്ചു വെക്കാനാണ് ഇത്തരം വാദങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തോൽവി അംഗീകരിക്കാനുളള മനസ് എൽഡിഎഫ് കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam