സ്ത്രീ വിരുദ്ധ പരമാർശം നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ കേസ് ഒത്തുതീർപ്പാക്കി; പരാതിക്കാരിക്ക് സിപിഎം അംഗത്വം നൽകി

By Web TeamFirst Published Nov 21, 2019, 9:19 PM IST
Highlights

കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കാനിരിക്കെ ഉഷാ സാലിയെ പാർട്ടിയിൽ തിരികെ എടുക്കുകയും മഹിളാ അസോസിയേഷൻ തോട്ടപ്പള്ളി മേഖലാ പ്രസിഡന്‍റായി നിയമിക്കുകയും ചെയ്തു. പ്രത്യേക കൺവെൻഷൻ വിളിച്ചുകൂട്ടിയാണ് നിലവിലെ പ്രസിഡന്‍റിനെ മാറ്റി ഉഷയ്ക്ക് ചുമതല നൽകിയത്.

ആലപ്പുഴ: സ്ത്രീ വിരുദ്ധ പരമാർശം നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ കേസ് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം ഒത്തുതീർപ്പാക്കി. മന്ത്രിയുടെ മുൻ പെഴ്സണൽ സ്റ്റാഫ് അംഗം ഉഷാ സാലിയുടെ പരാതിയാണ് ഒത്തുതീർപ്പാക്കിയത്. പരാതിക്കാരിക്ക് പാർട്ടി ഭാരവാഹിത്വം നൽകി തോട്ടപ്പള്ളിയിലെ പ്രാദേശിക സിപിഎം നേതൃത്വത്തിന്‍റെ എതിർപ്പ് അവഗണിച്ചാണ് ഉഷാ സാലിക്ക് ഭാരവാഹിത്വം നൽകിയത്. അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കേസാണ് ഉഷാ സാലി പിൻവലിച്ചത്. 

2016 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. തോട്ടപ്പള്ളിയിൽ റോഡ് ഉദ്ഘാടന ചടങ്ങിനിടെ വേദിയിലിരുന്ന തന്നെ മന്ത്രി ജി സുധാകരൻ അപമാനിച്ച് ഇറക്കിവിട്ടെന്നായിരുന്നു ഉഷാ സാലിയുടെ പരാതി. കേസിൽ കഴിഞ്ഞ മാസം മന്ത്രി ജി സുധാകരൻ ജാമ്യമെടുത്തിരുന്നു. അടുത്തിടെ മന്ത്രിയുമായി അടുപ്പമുള്ള ചില നേതാക്കൾ ഉഷയുടെ ഭർത്താവും മുൻ ഏരിയ കമ്മിറ്റി അംഗവുമായ എ എം സാലിയുമായി ചർച്ച നടത്തിയിരുന്നു. പരാതി പിൻവലിക്കണമെങ്കിൽ പാർട്ടി ഭാരവാഹിത്വം അടക്കം നൽകണമെന്ന ഉപാധി ചർച്ചയിൽ ഉയർന്നു. 

കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കാനിരിക്കെ ഉഷാ സാലിയെ പാർട്ടിയിൽ തിരികെ എടുക്കുകയും മഹിളാ അസോസിയേഷൻ തോട്ടപ്പള്ളി മേഖലാ പ്രസിഡന്‍റായി നിയമിക്കുകയും ചെയ്തു. പ്രത്യേക കൺവെൻഷൻ വിളിച്ചുകൂട്ടിയാണ് നിലവിലെ പ്രസിഡന്‍റിനെ മാറ്റി ഉഷയ്ക്ക് ചുമതല നൽകിയത്. ഇക്കാര്യത്തിൽ കൺവെൻഷനിൽ തന്നെ ഒരുവിഭാഗം നേതാക്കൾ എതിർപ്പ് പ്രകടമാക്കിയിരുന്നു. 

അതേസമയം, സിപിഎം വിട്ടുപോയവരെ തിരികെ കൊണ്ടുവരുന്ന പാർട്ടി നയത്തിന്‍റെ ഭാഗമായി അമ്പലപ്പുഴ ഏരിയാ സെക്രട്ടറി ചർച്ച നടത്തിയെന്നും തുടർന്ന് പാർട്ടിയിലേക്കുള്ള ക്ഷണം സ്വീകരിച്ചെന്നുമാണ് ഉഷാ സാലി പറയുന്നത്. ചിലർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് കേസുമായി മുന്നോട്ട്പോയത്. ജി സുധാകരനും പാർട്ടിക്കും തനിക്കും സത്യാവസ്ഥ ഇപ്പോൾ ബോധ്യപ്പെട്ടെന്നും ഉഷാ സാലി വിശദീകരിക്കുന്നു. മന്ത്രിക്കെതിരെ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഉഷാ സാലിയെയും ഭർത്താവിനെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇവരുടെ ഭർത്താവ് എ എം സാലിയിപ്പോൾ സിപിഐയിലാണ്.

click me!