ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും മകള്‍ക്ക് ഡോക്ടര്‍ മരുന്ന് നല്‍കിയില്ല: ഷഹലയുടെ പിതാവ്

By Web TeamFirst Published Nov 21, 2019, 9:15 PM IST
Highlights

താലൂക്കാശുപത്രിയില്‍ എത്തിച്ചു കുഞ്ഞിനെ നിരീക്ഷണത്തില്‍ വയ്ക്കുകയാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ ചെയ്തത്. 

സുല്‍ത്താന്‍ ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പിതാവ്. തന്നെ വിവരമറിയിച്ച് വരാന്‍ കാത്തിരുന്ന സമയം കൊണ്ട് സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണമായിരുന്നുവെന്ന് മരണപ്പെട്ട ഷഹല ഷെറിന്‍റെ പിതാവ് അഡ്വ. അസീസ് പറഞ്ഞു. 

സ്കൂളിലെത്തി കുട്ടിയെ കണ്ടപ്പോള്‍ തന്നെ പാമ്പ് കടിയേറ്റതായി സംശയം തോന്നിയിരുന്നു. ആദ്യം കുഞ്ഞിനെ കൊണ്ടു പോയത് സ്കൂളിന് അടുത്തുള്ള അംസപ്ഷന്‍ ആശുപത്രിയിലാണ്. കുട്ടിയെ പാമ്പ് കടിച്ചതാണെന്നും എത്രയും പെട്ടെന്ന് താലൂക്കാശുപത്രിയില്‍ കൊണ്ടു പോയി ആന്‍റിവനം (പ്രതിമരുന്ന്) നല്‍കണമെന്നും അവിടുത്തെ ഡോക്ടര്‍ പറഞ്ഞു. 

താലൂക്കാശുപത്രിയില്‍ എത്തിച്ചു കുഞ്ഞിനെ നിരീക്ഷണത്തില്‍ വയ്ക്കുകയാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ ചെയ്തത്. 
അരമണിക്കൂര്‍ കഴിഞ്ഞ് മകള്‍ ഛര്‍ദ്ദിച്ചപ്പോള്‍ പെട്ടെന്ന് കോഴിക്കോട് മെഡി. കോളേജിലേക്ക് കൊണ്ടു പോകാന്‍ അവര്‍ ആവശ്യപ്പെട്ടു. മകള്‍ക്ക് ആന്‍റിവനം നല്‍കണമെന്നും അതിന്‍റെ റിസ്ക് താന്‍ ഏറ്റെടുത്തോളാം എന്ന് പറഞ്ഞെങ്കിലും പ്രതിമരുന്ന് നല്‍കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും ന്യൂസ് അവറില്‍ അസീസ് വെളിപ്പെടുത്തി. 

അസീസിന്‍റെ വാക്കുകള്‍...

വൈകുന്നേരം 3.34-നാണ് മോള്‍ക്ക് കാലിന് മുറിവേറ്റെന്ന് പറഞ്ഞ് സ്കൂളില്‍ നിന്നും വിളിക്കുന്നത്. അപ്പോള്‍ തന്നെ ഓട്ടോ വിളിച്ച് ഞാന്‍ 10 മിനിറ്റില്‍ സ്കൂളിലെത്തി. ക്ലാസില്‍ ചെന്നപ്പോള്‍ ഒരു കസേരയില്‍ മോളെ ഇരുത്തിയിരുന്നു. കാലില്‍ കെട്ട് കെട്ടിയിരുന്നു. മുറിവ് പരിശോധിച്ചപ്പോള്‍ രണ്ട് പാടുകള്‍ കണ്ടു. അവിടെ നീലിച്ച നിറവും കണ്ടപ്പോള്‍ പാമ്പ് കടിയേറ്റിരുന്നതായി എനിക്ക് തോന്നി. 

എന്‍റെ സഹോദരിയുടെ മകള്‍ ഷഹലയുടെ ക്ലാസില്‍ തന്നെയാണ് പഠിക്കുന്നത്. 3.10-3.15നും ഇടയ്ക്കാണ് സംഭവം ഉണ്ടായതെന്നാണ് അവള്‍ പറയുന്നത്. എഴുതി കൊണ്ടിരിക്കുമ്പോള്‍ ബെഞ്ചിന്‍റെ അടിയിലുള്ള ദ്വാരത്തിലേക്ക് കാല് പോയി അപ്പോള്‍ എന്തോ കടിച്ചു എന്നാണ് എന്‍റെ മോളും എന്നോട് പറഞ്ഞത്. ഞാനെത്തി മോളെ തോളിലിട്ട് അസംപ്ഷന്‍ ആശുപത്രിയിലേക്ക് പോയി. അസംപ്ഷനിലെ കാഷ്വാലിറ്റിയില്‍ മോളെ പരിശോധിച്ച ഡ്യൂട്ടിയിലുള്ള ജൂനിയര്‍ ഡോക്ടര്‍ ഇത് പാമ്പ് കടിയേറ്റതാണെന്നും  ഇവിടെ പ്രതിമരുന്ന് (ആന്‍റിവനം ) ഇല്ലാത്തതിനാല്‍ മോളെ വേഗം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാനും ആവശ്യപ്പെട്ടു. 

അങ്ങനെ വന്ന ഓട്ടോയില്‍ തന്നെ മോളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പാമ്പ് കടിയേറ്റ പാടുണ്ടെന്നും മുറിവേറ്റ ഭാഗത്ത് നീലിച്ചിട്ടുണ്ടെന്നും ഞാന്‍ ഡോക്ടറോട് പറഞ്ഞു. കണ്ണുകള്‍ അടയുന്നുണ്ടെന്നും കുട്ടി പിന്നോട് വീഴുന്നുണ്ടെന്നും അവരെ അറിയിച്ചു.  ആന്‍റിവനം കൊടുക്കണമെങ്കില്‍ കുഞ്ഞിനെ നിരീക്ഷണത്തില്‍ വയ്ക്കണമെന്നാണ് അവിടെ അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ പറഞ്ഞത്. 

തുടര്‍ന്ന് കുഞ്ഞിനെ കാഷ്വാലിറ്റിയില്‍ വച്ച് നിരീക്ഷിച്ചു. അവിടെ മുക്കാല്‍ മണിക്കൂറോളം ചിലവഴിച്ചു. അവിടെ വച്ച് മോളുടെ രക്തസാംപിള്‍ എടുത്ത് ടെസ്റ്റിന് നല്‍കി. രക്തപരിശോധനാഫലം കിട്ടാന്‍ ഇരുപത് മിനിറ്റ് എടുക്കുമെന്നാണ് പറഞ്ഞത്. റിപ്പോര്‍ട്ട് വാങ്ങാനായി ഞാന്‍ പോയി വരുമ്പോഴേക്കും മോള്‍ ഛര്‍ദ്ദിച്ചിരുന്നു. 

ഛര്‍ദ്ദിച്ചതോടെ ഇനി ഇവിടെ നിര്‍ത്തിയിട്ട് കാര്യമില്ലെന്നും വേഗം മെഡിക്കല്‍ കോളേജിലേക്ക് പോകാനും ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ അവിടേക്ക് പോകും മുന്‍പ് ആന്‍റിവനം നല്‍കണമെന്ന് ഞാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് ചില നടപടികളുണ്ടെന്നും മരുന്ന് ഘട്ടം ഘട്ടമായി നല്‍കണമെന്നും അതിനുള്ള സമയം കളയാതെ മെഡി.കോളേജിലേക്ക് പോകുന്നതാണ് നല്ലതെന്നും ഡോക്ടര്‍ പറഞ്ഞു. എന്‍റെ റിസ്കില്‍ മരുന്ന് നല്‍കണമെന്ന് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. അവര്‍ വിളിച്ചു തന്ന ആംബുലന്‍സില്‍ കോഴിക്കോട് മെഡി.കോളേജിലേക്ക് കുഞ്ഞിലേക്ക് കൊണ്ടു പോയി. മെഡിക്കല്‍ കോളേജില്‍ കാണിക്കാനുള്ള റഫറൻസ് റിപ്പോര്‍ട്ടും അവര്‍ തന്നു. 

മെഡിക്കല്‍ കോളേജിലേക്ക് പുറപ്പട്ട് കല്‍പറ്റ പിന്നിട്ടപ്പോള്‍ തന്നെ മോളുടെ നില കൂടുതല്‍ വഷളായി. അപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ ഡോക്ടറെ വിളിച്ചു. വൈത്തിരി ആശുപത്രിയില്‍ മോളെയെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വൈത്തിരി ആശുപത്രിയിലേക്ക് തിരിച്ചു പോയി. അവിടെ ആംബുലന്‍സില്‍ കയറി മോളെ പരിശോധിച്ച ഡോക്ടര്‍ ഈ അവസ്ഥയില്‍ ഇവിടെ ഒന്നും ചെയ്യാനില്ലെന്നും എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നും പറഞ്ഞു. 

അവിടെ ഉണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ചേലോട്ട് ഗുഡ് ഷേപ്പേര്‍ഡ് ആശുപത്രിയില്‍ വിഷചികിത്സയുണ്ടെന്നും അങ്ങോട്ട് പോകുന്നതാണ് നല്ലതെന്നും പറഞ്ഞു. അവിടേക്ക് പോകുമ്പോള്‍ തന്നെ മോളുടെ ശ്വാസം നിലച്ചു തുടങ്ങിയിരുന്നു. ഗുഡ് ഷെപ്പേര്‍ഡിലെത്തിച്ച മോളെ രക്ഷിക്കാന്‍ അവിടുത്തെ ഡോക്ടര്‍മാര്‍ കുറേ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അവിടെയെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരിച്ചതായി പറഞ്ഞു. 

മോള്‍ക്ക് ആന്‍റിവനം നല്‍കാന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരോട് ഞാന്‍ കുറേ പറഞ്ഞതാണ്. പക്ഷേ അവര്‍ അതിന് ധൈര്യം കാണിച്ചില്ല. ചെറിയ കുട്ടിയാണെന്നത് കൊണ്ട് ആന്‍റിവനം നല്‍കുന്നത് കോപ്ലിക്കേഷന്‍ സൃഷ്ടിക്കുമെന്നും കോഴിക്കോട് മെഡി.കോളേജില്‍ കൊണ്ടു പോകണമെന്നുമാണ് അവര്‍ പറഞ്ഞത്. മോളെ ആംബുലന്‍സില്‍ ഇരുത്തി ഡ്രിപ്പ് നല്‍കിയാണ് കൊണ്ടു പോയത്. 

ഞാന്‍ വന്നിട്ട് മോളെ ആശുപത്രിയില്‍ കൊണ്ടു പോയാല്‍ മതിയെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണ് സ്കൂള്‍ അധികൃതര്‍ ചെയ്യേണ്ടിയിരുന്നത്. പാമ്പ് കടിയേറ്റതാണെന്ന് അവര്‍ക്ക് മനസിലായിരുന്നു. ഞാന്‍ സ്കൂളിലെത്തിയപ്പോള്‍ ഹെഡ് മാസ്റ്റര്‍ തന്നെ എന്നെ ക്ലാസിലെത്തിച്ച മോള്‍ കാലിട്ട കുഴി കാണിച്ചു തരികയും ചെയ്തു. 

ഇതേക്കുറിച്ചൊന്നും ആരോടും ഞാന്‍ പരാതി പറഞ്ഞിട്ടില്ല. പാമ്പ് കടിച്ചാണ് മരണം എന്നറിയാവുന്നത് കൊണ്ട് ഞാന്‍ പരാതി രേഖാമൂലം നല്‍കിയില്ല. മോളെ കീറിമുറിക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടത്തിനും നിന്നില്ല. ഇനിയൊരു കുട്ടിക്കും ഈ അവസ്ഥ വരരുത് എന്ന് മാത്രമേ പറയാനുള്ളൂ.

എന്‍റെ അഭിപ്രായത്തില്‍ എന്നെ അറിയിക്കും മുന്‍പേ സ്കൂള്‍ അധികൃതര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കണമായിരുന്നു. ഞാനാരേയും കുറ്റപ്പെടുത്തി സംസാരിക്കുകയല്ല. സംഭവം സ്കൂള്‍ അധികൃതര്‍ ഗൗരവത്തോടെ എടുത്തില്ല. നിസാരമായി കണ്ടു. ക്ലാസില്‍ ചെരിപ്പിടാന്‍ സമ്മതിക്കില്ലായിരുന്നുവെന്നാണ് ക്ലാസിലെ കുട്ടികള്‍ പറയുന്നത്. എനിക്കതിനെപ്പറ്റി അറിയില്ല. എന്തായാലും എനിക്കും എന്‍റെ കുടുംബത്തിനും നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു. ഇതെന്‍റ നഷ്ടമാണ്. ഇനിയാര്‍ക്കും ഈ ഗതി വരരുത്... 

click me!