
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. മനഃപൂർവം ആക്രമിക്കൽ, അന്യായമായി തടഞ്ഞു വയ്ക്കൽ, അസഭ്യം വിളിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇന്നലെ ജനപക്ഷം നേതാവ് പി.സി.ജോർജിനെ സ്വീകരിക്കാൻ സെൻട്രൽ ജയിലിന് പുറത്തെത്തിയ പ്രവർത്തകരാണ് മാധ്യമപ്രവർത്തകരെ ആക്രമിച്ചത്.
വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയ ജനപക്ഷം നേതാവ് പി.സി.ജോർജ് ഇന്നലെ വൈകീട്ട് ജയിൽ മോചിതനായിരുന്നു. തിരുവനന്തപുരം ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയിൽമോചനത്തിന് വഴിയൊരുങ്ങിയത്. ജയിലിൽ നിന്നിറങ്ങിയ പി.സി.ജോർജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൂജപ്പുരയിലെത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം പി.സി.ജോർജ് ഈരാറ്റുപേട്ടയിലേക്ക് തിരിച്ചു. ഇതിനിടയിലാണ് ഒരു വിഭാഗം പ്രവർത്തകർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്.
പി.സി.ജോർജ് ജയിൽമോചിതനായി; കുടുക്കിയത് മുഖ്യമന്ത്രിയെന്ന് ജോർജ്, മറുപടി തൃക്കാക്കരയിൽ
അപലപിച്ച് എ.വിജയരാഘവൻ
പൂജപ്പുരയിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ബിജെപി പ്രവർത്തകരുടെ അക്രമം അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ബിജെപി കേരളീയ മൂല്യങ്ങൾ ഉൾക്കൊള്ളാത്ത പാർട്ടിയാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ കുറിച്ച് വിമർശനം ഉന്നയിക്കാം, എന്നാൽ ഭീഷണിപ്പെടുത്തുന്നത് മാന്യതയല്ലെന്ന് വിജയരാഘവൻ തിരുവന്തപുരത്ത് പറഞ്ഞു.
മാധ്യമപ്രർത്തകരെ ആക്രമിച്ചവരെ അറസ്‌റ്റുചെയ്യണം: കെയുഡബ്ല്യുജെ
പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്‌ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പി സി ജോർജിനെ സ്വീകരിക്കാൻവന്ന ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്ന് കെയുഡബ്ല്യുജെ ജില്ലാക്കമ്മറ്റി വ്യക്തമാക്കി.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വിഘാതമാണ് ഇത്തരം അക്രമങ്ങൾ. അക്രമികളെ അറസ്‌റ്റു ചെയ്‌ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഈ ആവശ്യമുന്നയിച്ച് ശനിയാഴ്‌ച ഡിജിപിയെ കാണുമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും പറഞ്ഞു.