തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. ആവശ്യപ്പെട്ട സീറ്റുകൾ ലഭിക്കാത്തതിനാൽ തനിച്ച് മത്സരിക്കുന്നതടക്കമുള്ള കടുത്ത നിലപാടിലാണ് പാർട്ടി.
ചെന്നൈ: തമിഴ്നാട്ടിലെ സീറ്റ് വിഭജനത്തിൽ സിപിഎമ്മിന് അതൃപ്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റിലാണ് സിപിഎം മത്സരിച്ചിരുന്നത്. ഇത്തവണ പത്തിലേറെ സീറ്റുകൾ വേണം എന്നായിരുന്നു ആവശ്യം. ഡിഎംകെയുമായി മൂന്ന് റൌണ്ട് ചർച്ച നടന്നെങ്കിലും നാല് സീറ്റ് നൽകാം, അതിൽ കൂടുതൽ പറ്റില്ല എന്ന നിലപാടാണ് ഡിഎംകെ സ്വീകരിച്ചത്. എന്നാൽ സിപിഐയ്ക്ക് അഞ്ച് സീറ്റ് നൽകുകയും ചെയ്തു. ഒടുവിൽ സിപിഎമ്മിനും അഞ്ച് സീറ്റ് നൽകാം എന്ന് എം കെ സ്റ്റാലിൻ തീരുമാനിച്ചു. എന്നാൽ അതുപോരെന്നാണ് സിപിഎം യോഗത്തിൽ ഉയർന്ന പൊതുവികാരം. കഴിഞ്ഞ തവണ മത്സരിച്ച ആറ് സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ തനിച്ചു മത്സരിക്കും എന്നാണ് സിപിഎമ്മിന്‍രെ നിലപാട്. ജയസാധ്യതയുള്ള സീറ്റുകളിൽ തനിച്ചു മത്സരിക്കുക, മറ്റു സീറ്റുകളിൽ ഡിഎംകെയ്ക്ക് പിന്തുണ നൽകാനും തീരുമാനിച്ചു.
1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ അടക്കം രണ്ട് സീറ്റുകളിൽ മത്സരിക്കുകയും 37 മണ്ഡലങ്ങളിൽ ഡിഎംകെയ്ക്ക് പിന്തുണ നൽകുകയും ചെയ്ത ചരിത്രം സിപിഎമ്മിനുണ്ട്. എന്നാൽ സിപിഎമ്മിനെ അനുനയിപ്പിക്കാൻ കഴിയും എന്നാണ് ഡിഎംകെയുടെ പ്രതീക്ഷ. എന്നാൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന കടുത്ത നിലപാടിലാണ് സിപിഎം.
നേരത്തെ കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ധാരണയായിരുന്നു. കോണ്‍ഗ്രസ് 28 സീറ്റുകളിൽ മത്സരിക്കും. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. 35 നിയമസഭാ സീറ്റും രണ്ട് രാജ്യസഭാ സീറ്റുമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം ഡിഎംകെ തള്ളി. എന്നാൽ 2021ലേക്കാള്‍ മൂന്ന് നിയമസഭാ സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് കൂടുതലായി നൽകി. ഡിഎംകെ സഖ്യത്തിന് ജയിക്കാവുന്ന നാലു സീറ്റിൽ ഒരു രാജ്യസഭാ സീറ്റാണ് കോണ്‍ഗ്രസിന് നൽകിയത്. സീറ്റ് വിഭജനം സംബന്ധിച്ച് കനിമൊഴിയുടെ ഇടപെടലാണ് നിര്‍ണായകമായത്. എംകെ സ്റ്റാലിനും തമിഴ്നാട് പിസിസി അധ്യക്ഷനും സീറ്റ് വിഭജനം സംബന്ധിച്ച കരാര്‍ ഒപ്പിട്ടു.
മീനാക്ഷി നടരാജനെയാണ് തമിഴ്നാട്ടിൽ നിന്ന് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്. അതേസമയം രാജ്യസഭയിലേക്കുള്ള ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. തിരുച്ചി ശിവയും കോണ്‍സ്റ്റൈന്‍റൻ രവീന്ദ്രനും മത്സരിക്കും. തിരുച്ചി ശിവക്ക് വീണ്ടും സീറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡിഎംകെ വക്താക്കളുടെ പാനൽ സെക്രട്ടറിയാണ് രവീന്ദ്രൻ. വിജയകാന്തിന്‍റെ പാര്‍ട്ടിയായ ഡിഎംകെയിലായിരുന്ന രവീന്ദ്രൻ 2016ലാണ് ഡിഎംകെയിലെത്തുന്നത്.



