കണ്ണൂരില്‍ ആര് മത്സരിക്കുമെന്ന തീരുമാനത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരൻ്റെ മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകീട്ട് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ദില്ലി: കോൺഗ്രസിന്‍റെ കണ്ണൂര്‍ സീറ്റില്‍ സസ്പെൻസ് തുടരുന്നു. കണ്ണൂരില്‍ ആര് മത്സരിക്കുമെന്ന തീരുമാനത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരൻ്റെ മടക്കം നാളത്തേക്ക് മാറ്റി. ഇന്ന് വൈകീട്ട് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ ഇതുവരെ പുനരാലോചനയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കണ്ണൂരിൽ മത്സരിപ്പിക്കുന്നതിൽ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ ഇനിയും ചർച്ച നടന്നിട്ടില്ല. നിലവിൽ കണ്ണൂരിലെ പട്ടികയിലുള്ളത് ടി ഒ മോഹനൻ്റെ പേര് തന്നെയാണ്. സുധാകരൻ ദില്ലിയിൽ തുടരുന്നത് സ്വന്തം താല്പര്യപ്രകാരമെന്നും സൂചന.
നാമനിർദേശ പത്രിക നൽകാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ കോൺഗ്രസിന്റെ രണ്ടാം പട്ടിക ഇനിയും വന്നിട്ടില്ല. അഞ്ചിലേറെ സീറ്റുകളിൽ രൂക്ഷമായ ഭിന്നത തുടരുകയാണ്. കണ്ണൂർ സീറ്റ് വേണമെന്ന കെ സുധാകരന്റെ പിടിവാശി കണക്കിലെടുക്കേണ്ട എന്ന തീരുമാനത്തിലാണ് ഇന്നലെ രാത്രി കോൺഗ്രസ് നേതാക്കൾ പിരിഞ്ഞത്. മുൻ മേയർ ടി ഒ മോഹനനെ കണ്ണൂരിൽ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയും ചെയ്തു. അടൂർ പ്രകാശ് കണ്ണുവെച്ചിരുന്ന കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനെ സ്ഥാനാർത്ഥിയാക്കാനും തീരുമാനിച്ചു. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടിലായിരുന്നു. പൊട്ടിത്തെറിച്ചാണ് സുധാകരൻ രാവിലെ കോൺഗ്രസ് നേതാക്കളോട് പ്രതികരിച്ചത്. പാർട്ടിയോട് 'ഗുഡ് ബൈ' പറയുകയാണെന്ന് അദ്ദേഹം കെസി വേണുഗോപാലിനെ അടക്കം അറിയിച്ചു. കണ്ണൂരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. അപകടം മണത്ത നേതാക്കൾ ഇതോടെ അനുനയനീക്കം തുടങ്ങി. എ കെ ആന്റണി തന്നെ വിഷയത്തില്‍ ഇടപെട്ടു.
ഒടുവിൽ കണ്ണൂരിൽ കെ സുധാകരനെ സ്ഥാനാർത്ഥിയാക്കുന്നതില്‍ പുനരാലോചന നടത്താന്‍ ഹൈക്കമാൻഡ് തീരുമാനിച്ചു എന്ന സൂചനകള്‍ പുറത്ത് വന്നു. സുധാകരന് സീറ്റു നൽകുമെന്ന വാർത്ത വന്നതോടെ അടൂർ പ്രകാശ് മലക്കം മറിഞ്ഞു. കോന്നിയിൽ പാർട്ടി തീരുമാനം അനുസരിക്കുന്നുവെന്ന് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട അടൂർ പ്രകാശ് ആ പോസ്റ്റ് പിൻവലിച്ചു. സുധാകൻ മത്സരിക്കുന്നു എങ്കിൽ തനിക്കും സീറ്റുവേണമെന്ന വാദം അടൂർ പ്രകാശ് ശക്തമാക്കി. ഇതോടെ കോൺഗ്രസിന്റെ രണ്ടാം പട്ടികയില്‍ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള കെ സുധാകരൻ്റെ മടക്കം നാളത്തേക്ക് മാറ്റിയത്.


