മധുവിനെക്കുറിച്ച് അഭിഭാഷകന്‍റെ ചോദ്യം, പിടിവിട്ട് കണ്ണീരണിഞ്ഞ് അമ്മ മല്ലി, ഇടപെട്ട് കോടതി; അമിത് ഷായും ചോദ്യം!

By Suhail AhammedFirst Published Oct 11, 2022, 8:24 PM IST
Highlights

അഭിഭാഷകനായ രാമദാസ് അമിത് ഷായെ കണ്ടിരുന്നോ, വല്ല അപേക്ഷയും കൊടുത്തിരുന്നോ എന്ന് ചോദിച്ചു. മല്ലിയുടെ മറുപടി കോടതിയെ തന്നെ ഞെട്ടിച്ചു. ഞാൻ പലയിടത്തും പോയി, പല അപേക്ഷകൾ കൊടുത്തിട്ടുണ്ട്, അതിനെന്താണ്.. എന്നായിരുന്നു മധുവിന്‍റെ അമ്മയുടെ മറുപടി

അട്ടപ്പാടി മധുകൊലക്കേസിൽ മധുവിന്‍റെ അമ്മ മല്ലി, ബന്ധു മുരുകൻ എന്നിവരുടെ വിസ്താരം മണ്ണാർക്കാട് എസ് സി എസ്ടി  കോടതിയിൽ പൂർത്തിയായി. സഹോദരി ചന്ദ്രികയെ വിസ്തരിക്കുന്നത് ഒഴിവാക്കി. തൊണ്ണൂറ്റിയേഴാം സാക്ഷിയും പൊലീസ് ഉദ്യോഗസ്ഥനുമായ വി വിനു , ടി റിയാസ്, എന്നിവരുടെ വിസ്താരം നാളെ നടക്കും. 101, 102, 103 സാക്ഷികളുടെ വിസ്താരവും നാളെയാണ്. അതേസമയം വിസ്താരത്തിനിടെ ഇന്ന് കോടതിയിൽ വികാര നിർ‍ഭരമായ നിമിഷങ്ങളാണ് ഉണ്ടായത്. 

മോഷണ ചോദ്യം കേട്ട് മധുവിന്‍റെ അമ്മ കണ്ണീരണഞ്ഞു

അട്ടപ്പാടി മധുകൊലക്കേസിൽ മധുവിന്‍റെ അമ്മയുടെ വിസ്താരമായിരുന്നു ഇന്നാദ്യം. മധുവിന്‍റെ പേരിൽ മുമ്പ് മോഷണക്കേസുണ്ടായിരുന്നോ എന്നു പ്രതിഭാഗം അഭിഭാഷകർ ചോദിച്ചപ്പോൾ മല്ലിയുടെ പിടിവിട്ടു. മകൻ കള്ളനല്ലെന്നും, കേട്ടപ്പോൾ സങ്കടം വന്നെന്നും മല്ലി കണ്ണീരണഞ്ഞു. വിചാരണയ്ക്കിടെ മല്ലി കരഞ്ഞതോടെ, മകൾ സരസുവിനോട് ആശ്വസിപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. സാക്ഷിക്കൂട്ടിലെത്തി സരസു മല്ലിയുമായി സംസാരിച്ച ശേഷമാണ് വീണ്ടും വിചാരണ തുടങ്ങിയത്. സമൻസ് കിട്ടിയാണോ കോടതിയിൽ വന്നതെന്ന പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നായിരുന്നു മറുപടി. കോടതിയിൽ നിന്ന് വല്ല കടലാസും ലഭിച്ചാണോ വന്നതെന്ന് ജഡ്ജി കെ എം രതീഷ്കുമാർ ചോദ്യം വിശദീകരിച്ചപ്പോൾ അതെയെന്നായിരുന്നു മറുപടി. മകൾ ചന്ദ്രികയ്ക്ക് പൊലീസ് ജോലി കിട്ടിയത് മധു മരിച്ചതു കൊണ്ടല്ല. മധു മരിക്കുന്നതിന് മുൻപ് തന്നെ ഓട്ടവും ചാട്ടവും കഴിഞ്ഞിരുന്നു. മധു മരിച്ച അന്നായിരുന്നു ഇന്‍റർവ്യൂ, മധു മരിച്ചതിനാലാണ് ജോലി ലഭിച്ചതെന്നാണ് പലരും ആക്ഷേപിക്കുന്നത്. കഷ്ടപ്പെട്ടാണ് ജോലി നേടിയതെന്നും മല്ലി പറഞ്ഞു.

നിരാശകൾ തളംകെട്ടിയ മറുപടികൾ

സർക്കാർ വക്കീലിന് വേണ്ടി അപേക്ഷ കൊടുത്തിരുന്നോ എന്ന് പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ മധുവിന്‍റെ അമ്മയോട് ചോദിച്ചു. ഒന്നല്ല, ഒരുപാട് കൊടുത്തു. കുറെപേർ വന്നു പോകുന്നു. നിലവിലെ വക്കീലിന് സർക്കാർ ഫീസ് കൊടുക്കുന്നില്ലെന്ന പരിഭവം കൂടി മല്ലി ചേർത്തു പറഞ്ഞു. അതിനിടെ പ്രതിഭാഗം അഭിഭാഷകനായ രാമദാസ് അമിത് ഷായെ കണ്ടിരുന്നോ, വല്ല അപേക്ഷയും കൊടുത്തിരുന്നോ എന്ന് ചോദിച്ചു. മല്ലിയുടെ മറുപടി കോടതിയെ തന്നെ ഞെട്ടിച്ചു. കുറെ നേരമായി അതു കൊടുത്തിരുന്നോ, ഇതു കൊടുത്തിരുന്നോ എന്ന് ചോദിക്കുന്നു. ഞാൻ പലയിടത്തും പോയി, പല അപേക്ഷകൾ കൊടുത്തിട്ടുണ്ട്, അതിനെന്താണ്.. എന്നായിരുന്നു മധുവിന്‍റെ അമ്മയുടെ മറുപടി.

ഇന്നും മറന്നില്ല തല്ലുകൂടാൻ

ഒന്നാം പ്രതി ഹുസൈന്‍റെ വക്കീൽ ടി ഷാജിത്തും നാലു പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന ജോൺ ജോൺ വക്കീലും ഇന്നും മണ്ണാർക്കാട് എസ് സി എസ്ടി കോടതിയിൽ കൊമ്പുകോർത്തു. അഡ്വ. ടി ഷാജിത്ത് മധുവിന്‍റെ അമ്മയെ വിസ്തരിക്കുമ്പോഴായിരുന്നു ഇന്നത്തെ പോര്. സാക്ഷിമൊഴിയിൽ ഇല്ലാത്ത കാര്യങ്ങളാണ് ഷാജിത്ത് വക്കീൽ മല്ലിയോട് ചോദിക്കുന്നത് എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ തന്നെയായ ജോൺ ജോൺ പറഞ്ഞത്. മാധ്യമ വാർത്തകളിൽ ഇടംപിടിക്കാനാണ് ജോൺ ജോൺ വക്കീൽ അനാവശ്യ കോലാഹലം കാട്ടുന്നതെന്ന് അഡ്വ. ഷാജിത്ത് തിരിച്ചടിച്ചതോടെ, ജോൺ ജോൺ വക്കീൽ ഇടപെടൽ അവസാനിപ്പിച്ചു.

മധു കൊലക്കേസ്: അഭിഭാഷകരുടെ തർക്കം, ആവർത്തന ചോദ്യങ്ങളിൽ പരിഭവം പറഞ്ഞ് സാക്ഷി, കോടതി നടപടികൾ ഇങ്ങനെ...

ചോദ്യത്തിൽ കഴമ്പുണ്ടോ, ഉത്തരത്തിൽ പിടിവള്ളിയുണ്ടോ ?

മധുവിന്‍റെ അമ്മയെ എതിർ വിസ്താരം നടത്തുന്ന സമയത്ത് ഒന്നാം പ്രതി ഹുസൈന് വേണ്ടി ഹാജരായ അഡ്വ. ടി ഷാജിത്ത് ഗൗരവമായ ചോദ്യങ്ങളുയർത്തി.

1 മധുവിന്‍റെ മരണത്തെ തുടർന്ന് അഡീഷണൽ സെക്രട്ടറിക്ക് പരാതി കൊടുത്തിരുന്നോ ?
2 പൊലീസ് ജീപ്പിൽ എന്തു സംഭവിച്ചെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടിരുന്നോ ? 
രണ്ടു ചോദ്യത്തിനും മല്ലി കൃത്യമായ മറുപടി നൽകിയില്ല.

മധുവിനെ പ്രതികൾ മർദിച്ചെന്ന് പറയുന്ന മുക്കാലിയ്ക്ക് അടുത്ത് മറ്റ് മികച്ച ആശുപത്രികൾ ഉണ്ടായിരുന്നോ എന്ന്  പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ മധുവിന്‍റെ ബന്ധു മുരുകനെ വിസ്തരിക്കുന്നതിനിടെ ചോദിച്ചു. സെന്‍റ് പീറ്റേഴ്സ് എന്നൊരു ആശുപത്രി ഉണ്ടെന്നായിരുന്നു മറുപടി. തളർന്ന അവശനായ മധുവിനെ അഗളിയിലെ ആശുപത്രിയിലേക്കാണ് പൊലീസ് കൊണ്ടുപോയത്. കേസിൽ വിചാരണ അവസാന ഘട്ടത്തിലാണ്. സാക്ഷി വിസ്താരം അടുത്ത ദിവസവും തുടരും.

'മധുവിന്‍റെ മൃതദേഹം ചൂട് ഉണ്ടായിരുന്നു' മരണം സ്ഥിരീകരിച്ച ഡോക്ടറുടേതടക്കം പ്രോസിക്യൂഷന് അനുകൂലമായ മൂന്ന് മൊഴികൾ

click me!