Asianet News MalayalamAsianet News Malayalam

'മധുവിൻറെ മൃതദേഹം ചൂട് ഉണ്ടായിരുന്നു' മരണം സ്ഥിരീകരിച്ച ഡോക്ടറുടേതടക്കം പ്രോസിക്യൂഷന് അനുകൂലമായ മൂന്ന് മൊഴികൾ

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്ന് ( വ്യാഴാഴ്ച) വിസ്തരിച്ച മൂന്ന്  ഡോക്ടർമാരും പ്രോസിക്യൂഷൻ അനുകൂലമായി മൊഴിനൽകി. ആദ്യം വിസ്തരിച്ചത് എൺപത്തി എട്ടാം സാക്ഷി ഡോ. ലീമ ഫ്രാൻസിസിനെയാണ്

Three doctors testified in favor of the prosecution in the Madhu case
Author
First Published Sep 29, 2022, 8:31 PM IST

ട്ടപ്പാടി മധുകൊലക്കേസിൽ ഇന്ന് ( വ്യാഴാഴ്ച) വിസ്തരിച്ച മൂന്ന്  ഡോക്ടർമാരും പ്രോസിക്യൂഷൻ അനുകൂലമായി മൊഴിനൽകി. ആദ്യം വിസ്തരിച്ചത് എൺപത്തി എട്ടാം സാക്ഷി ഡോ. ലീമ ഫ്രാൻസിസിനെയാണ്. അന്ന് മധുവിന്റെ മരണം സ്ഥിരീകരിച്ച  ഡോ. ലീമ അഗളി ആശുപത്രിയിലെ ജൂനിയർ സർജൻ ആണ്. മധുവിനെ അഗളി സി എച്ച് സി യിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ നോക്കിയത് ഡോ. ലീമയാണ്. നേരത്തെ പൊലീസിന് നൽകിയ മൊഴി ഡോ. ലീമ ഇന്നും ആവർത്തിച്ചു. 

മൊഴിയുടെ വിശദാംശങ്ങൾ

  • മധുവിനെ പരിശോധിച്ചിട്ടുണ്ട്,  മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.
  • പ്രതിഭാഗത്തിന്റെ വിസ്താരത്തിൽ മധുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് തൊട്ടു മുൻപാണ് മരിച്ചതെന്ന് മനസ്സിലായതെന്ന് മറുപടി നൽകി. 
  • ആശുപത്രിയിൽ എത്തിക്കുമ്പോൾ മധുവിൻറെ മൃതദേഹത്തിൽ ചൂട് ഉണ്ടായിരുന്നുവെന്നും ഡോ. ലീമ വ്യക്തമാക്കി. 
  • മധുവിനെ പരിശോധിച്ചതായി രേഖപ്പെടുത്തിയ കാഷ്വാലിറ്റി റജിസ്റ്ററിലെ സമയത്തിൽ തിരുത്ത് ഉണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി, അതേക്കുറിച്ച് അറിയില്ലന്നായിരുന്നു ഡോക്ടറുടെ മറുപടി.

രണ്ടാമത് വിസ്തരിച്ചത് എൺപത്തി എഴാം സാക്ഷി ഡോ.കെ.കെ. ശിവദാസിനെയാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് ഒരിക്കൽ മധുവിനെ ചികിത്സ ഡോക്ടറാണ് സാക്ഷി. പാരനോയ്ഡ് സ്കിസോഫീനിയ എന്ന രോഗം മധുവിന് ഉണ്ടായിരുന്നതായി മധുവിനെ പരിശോധിച്ച കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രി കൺസൾട്ടന്റ് കൂടിയായ ഡോ. കെ കെ ശിവദാസൻ വിചാരണക്കോടതിയെ അറിയിച്ചു.

മൊഴിയിലെ ഉള്ളടക്കം

  • തുടർ ചികിത്സ ആവശ്യമുള്ള രോഗമാണ് പാരനോയ്ഡ് സ്കിസോഫീനിയ.
  • പൂർണമായി മാറ്റാനാകില്ല, മരുന്ന് കഴിച്ചാൽ നിയന്ത്രിക്കാം.. 
  • ശരിയായ തീരുമാനം എടുക്കാൻ കഴിയില്ലെന്നതാണ് രോഗലക്ഷണം. 
  •  ദൈവം ചെവിയിൽ എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നുവെന്നു തോന്നുന്ന അവസ്ഥായാണ് മധുവിനുണ്ടായിരുന്നത്.
  • എല്ലാവരെയും സംശയത്തോടെയാണ് കാണുക. സമൂഹത്തിൽ നിന്ന് അകന്ന് നിൽക്കും.
  • സാധാരണഗതിയിൽ മോഷണത്തിനുള്ള പ്രവണത ഉണ്ടാവാറില്ല.  ഒരു വസ്തു എടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് അവർക്ക് അറിയില്ല.
  • തുടർ ചികിത്സ ആവശ്യമുള്ള രോഗമാണ്. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ തയാറായില്ലെന്നും  ഡോ. കെകെ. ശിവദാസ് പറഞ്ഞു. 

Read more: അട്ടപ്പാടി മധു കേസ്: സാക്ഷി വിസ്താരം വീഡിയോയിൽ പകർത്തും, മധുവിന്റെ അമ്മയുടെ ആവശ്യം അംഗീകരിച്ചു

എൺപത്തി ഒൻപതാം സാക്ഷി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി സൂപ്രണ്ട് ഡോ.പ്രഭുദാസ് അനുകൂല മൊഴി നൽകി. പ്രതികളുടെ വൈദ്യ പരിശോധന നടത്തി ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ ശേഖരിച്ചു ഹാജാരാക്കിയത്  ഡോ. പ്രഭുദാസാണ്. ഇക്കാര്യം അദ്ദേഹം കോടതിയിൽ ആവർത്തിച്ചു.  ഇന്ന് വിസ്തരിച്ച മുഴുവൻ സാക്ഷികളുടെ പ്രോസിക്യൂഷന് വിലപ്പെട്ട മൊഴിയാണ് നൽകിയതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios