
പാലക്കാട്: മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‍പി ഫിറോസിനെയാണ് മാറ്റിയത്. രണ്ടാമത്തെ വെടിവയ്പുനടക്കുമ്പോൾ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. വെടിവെപ്പിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ തന്നെ കേസന്വേഷിക്കുന്നത് ഉചിതമാവില്ലെന്ന വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി.
ഡിവൈഎസ്‍പി ഉല്ലാസാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണം സുതാര്യമാകുന്നതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എസ് പി സന്തോഷിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം.
അതേസമയം മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ പരിക്കുകളോടെ രക്ഷപ്പെട്ടവരെ കണ്ടെത്താൻ പൊലീസിന് ഇനിയുമായില്ല. രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടെന്നായിരുന്നു പൊലീസ് വിശദീകരിച്ചിരുന്നത്. ആറ് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം കഴിഞ്ഞ മാസം 28ന് തണ്ടർ ബോൾട്ട് സംഘത്തിന് നേരെ വെടിയുതിർത്തെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. ഇതിൽ മൂന്നുപേർ ആദ്യ ദിനവും ഒരാൾ രണ്ടാം ദിവസവും കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടുപേർ ഉൾവനത്തിലുണ്ടെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചിക്കണ്ടി ഉൾവനത്തിൽ ഡ്രോൺ ഉൾപ്പെടെയുളള ആധുനിക തെരച്ചിൽ സംവിധാനമുപയോഗിച്ച് പരിശോധനകൾ നടത്തി.
എന്നാൽ ഇവരുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നാണ് വിശദീകരണം. ഇവർ കർണാടക, തമിഴ്നാട് മേഖലകളിലേക്ക് പോകാനുളള സാധ്യത കൂടി കണക്കിലെടുത്ത് അതത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും തെരച്ചിലിനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam