ക്രിക്കറ്റ് ബാറ്റ് തട്ടി കുട്ടി മരിച്ച സംഭവം; മരണം സംഭവിച്ചത് രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published Nov 23, 2019, 1:21 PM IST
Highlights

ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികൾ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയിൽ തട്ടുകയായിരുന്നു. 

മാവേലിക്കര: ചുനക്കര ഗവ.ഹയർസെക്കന്‍ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി നവനീതിന്‍റെ മരണം തലയിലുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇത് കുട്ടികൾ കളിക്കുന്നതിനിടയിൽ പട്ടിക തലയിൽ കൊണ്ടതു കൊണ്ട് ഉണ്ടായതാകാമെന്നും റിപ്പോർട്ടിൽ നിഗമനം. ഇന്നലെ ഉച്ചയ്ക്കാണ് ചുനക്കര ഗവ.വൊക്കേഷണൽ ഹയർസെക്കന്‍ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി നവനീത് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുന്നിൽ കുട്ടികൾ കളിക്കുന്നതിനിടെ നവനീതിന്‍റെ തലയിൽ പട്ടിക കഷ്ണം അബദ്ധത്തിൽ കൊള്ളുകയായിരുന്നു. ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമാണെന്ന് കണ്ടെത്തിയത്.

ഇത് പട്ടിക കഷ്ണം കൊണ്ടപ്പോളുണ്ടായതാകാമെന്നും പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ട് പറയുന്നു. കഴുത്തിന് പിന്നിലായി ചുവന്ന പാടും ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന് സമീപം കുട്ടികൾ ഒടിഞ്ഞ ഡെസ്കിന്‍റെ ബാഗം കൊണ്ട് കളിക്കുന്നതിനിടയിലേക്ക് ഓടിക്കയറിയ നവനീതിന് പരിക്കേറ്റ് ബോധം നഷ്ടമാവുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. പോസ്‍റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
 

click me!