
തൃശ്ശൂര്‍: ബിജെപി നേതാവ് പ്രിന്‍റു മഹാദേവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. പ്രിന്‍റു മഹാദേവന് പറ്റിയത് നാക്ക് പിഴവാണെന്നാണ് ബി.ഗോപാലകൃഷ്ണന്‍റെ വാദം. നാക്ക് പിഴവിൻ്റെ പേരിൽ കേസെടുക്കണമെങ്കിൽ ആദ്യം പിണറായി വിജയന്‍റെ പേരിൽ കേസെടുക്കണമെന്നും ബിജെപിയെ വേട്ടയാടിയാൽ ഏത് പൊലീസുകാരൻ ആയാലും ചാണകം മുക്കിയ ചൂലു കൊണ്ടാടിക്കും, ഒരൊറ്റ കോൺഗ്രസുകാരനേയും വീട്ടിൽ ഉറക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസുകാർ വല്ലാതെ തിളക്കണ്ട എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ അനാവശ്യമായി ചാർജ് ചെയ്യ്ത കേസിൽ പൊലീസ് നടത്തുന്ന റെയ്ഡുകളിൽ പ്രധിഷേധിച്ച് ഇന്ന് ഈസ്റ്റ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തും.
പ്രിന്‍റു മഹാദേവൻ പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും ബി ഗോപാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. അതുപോലെ പൊലീസ് കേസിനെ ബിജെപി നേരിടുമെന്നും ബിജെപിയെ വേട്ടയാടാൻ ആരെയും സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്‍റു മഹാദേവനെ തിരയുകയാണ് പൊലീസ്. പ്രിന്‍റുവിനെ തിരഞ്ഞ് ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നതിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ പൊലീസ് കേസെടുത്തത്.
പെരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചർച്ചയ്ക്കിടെ പ്രിന്റു പറഞ്ഞത്.