
കോട്ടയം: അനുനയിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് നീരസം പ്രകടിപ്പിച്ചത് . നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമെന്നും സമുദായ സംഘടനകളുടെ ആസ്ഥാനത്ത് പോകുന്നതിന് വിലക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിനിധിയെ അയച്ചുകൊണ്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ ശബരിമല വിഷയത്തിൽ സര്‍ക്കാരിന് വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചിച്ചത്. വിശ്വാസ പ്രശ്നത്തിലെ ഇടതിനോടുള്ള അടുപ്പം തെരഞ്ഞെടുപ്പിൽ വോട്ടു പിന്തുണയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന്‍റെ അറിവോടെ എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ മനസറിയാൻ അദ്ദേഹത്തോട് അടുപ്പുമുള്ള നേതാക്കള്‍ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത്.
സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. ആഗോള അയപ്പ സംഗമത്തിൽ തീരുമാനമെടുക്കും മുമ്പ് യുഡിഎഫ് നേതൃത്വം നിലപാട് അറിയിച്ചില്ല. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ എൻഎസ്എസുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് സുകുമാരൻ നായര്‍ പറഞ്ഞെന്നാണ് വിവരം. പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവരാണ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. എൻഎസ്എസുമായുള്ള അടുപ്പം വീണ്ടെടുക്കണമെന്ന് നേതൃത്വം ആശിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സന്ദര്‍ശനത്തെ വ്യക്തിപരമെന്നാണ് നേതൃത്വം വിശേഷിപ്പിക്കുന്നത്. അധികം വൈകാതെ എൻഎസ്എസുമായുള്ള അടുപ്പം വീണ്ടെടുക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
അതേസമയം, സുകുമാരൻ നായര്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ് . നെയ്യാറ്റിന്‍കര താലൂക്ക് യൂണിയൻ ഓഫീസിന് മുന്നിൽ നാലു കരയോഗങ്ങളിലെ ഭാരവാഹികള്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. എന്നാൽ, പ്രതിഷേധവര്‍ എൻഎസ്എസുകാരല്ലെന്നാണ് യൂണിയൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. അതേ സമയം സുകുമാരൻ നായരെ പിന്തുണച്ച് തിരുവനന്തപുരം നഗരത്തിൽ ഫ്ലക്സ് വെച്ചു.