
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കുട്ടിയാന ചരിഞ്ഞത് ഹെർപ്പിസ് വൈറസ് ബാധയെ തുടർന്ന് എന്ന് സംശയിക്കുന്നതായി ഡി എഫ് ഒ ആയുഷ്കുമാർ കോറി. മൂന്ന് ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തും. ഇന്ന് പുലർച്ചയാണ് കൊച്ചയ്യപ്പൻ ചരിഞ്ഞത്.
കൊച്ചയ്യപ്പന്‍റെ കളിചിരികളാണ് എല്ലാവരുടെയും മനസ്സിൽ. ആനപ്രേമികൾക്ക് അത്രമേൽ പ്രിയപ്പെട്ടവൻ ആയിരുന്നു കൊച്ചയ്യപ്പൻ. ഇന്ന് പുലർച്ചെയാണ് കുട്ടി ആനയെ കൂട്ടിനുള്ളിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ഭക്ഷണമെല്ലാം കഴിച്ച് കിടന്നതാണ്. രാവിലെ നോക്കിയപ്പോഴാണ് ചരിഞ്ഞ നിലയിൽ കണ്ടത്. തന്‍റെ കൊച്ചു മകനെപ്പോലെ പരിപാലിച്ചു വന്നതാണെന്ന് പാപ്പാൻ പറയുന്നു.
അഞ്ചു വയസ്സുള്ള കൊച്ചയ്യപ്പൻ പരിശീലനം ഒക്കെ പൂർത്തിയാക്കി മറ്റ് കൊമ്പന്മാർക്കൊപ്പം കോന്നി ആനക്കൂടിന്റെ മുഖമാകാൻ തയ്യാറെടുക്കുകയായിരുന്നു. ഹെർപ്പിസ് വൈറസ് ബാധയാണ് ആന ചരിയാൻ കാരണമെന്നാണ് നിഗമനം.
അഞ്ചു വർഷത്തിനിടെ കോന്നി ആനക്കൂട്ടിൽ മൂന്നാമത്തെ കുട്ടിയാനയാണ് ചെരിഞ്ഞത്. മുൻപും വൈറസ് ബാധയെ കുറിച്ച് സംശയമുണ്ടായിരുന്നു. സംഭവത്തിന്‍റെ ഗൗരവം പരിഗണിച്ച് വനം വകുപ്പ് വിദഗ്ധ പരിശോധനയും തുടർ നടപടിയും എടുക്കണമെന്നാണ് ആവശ്യം.