'അവരുടെ കരച്ചിലായിരുന്നു ഉള്ളുനിറയെ, നാല് വർഷമായി ആരുമറിയാതെ ചെയ്തുവന്ന കാര്യം'; മേഴ്സിയെന്ന പേര് അന്വർത്ഥമാക്കി ബാങ്ക് ഉദ്യോഗസ്ഥ

Published : Jun 03, 2026, 02:40 PM IST
bank officer

Synopsis

2022 മാർച്ച് മുതൽ ഓരോ മാസവും 1500 രൂപ വച്ച് മേഴ്‌സി ചെറിയാൻ അടച്ചുകൊണ്ടിരുന്നു. വിരമിക്കാറായതോടെ എങ്ങനെ ലോണ്‍ ക്ലോസ് ചെയ്യുമെന്ന ചിന്തയായി. അവരുടെ കരച്ചിലായിരുന്നു ഉള്ളുനിറയെ എന്ന് ആ ബാങ്ക് ഉദ്യോഗസ്ഥ പറയുന്നു.

കോഴിക്കോട്: നാല് വർഷം ആരുമറിയാതെ ചെയ്തുവന്ന സദ്പ്രവൃത്തി പെട്ടെന്നൊരു ദിവസം നാടാകെ അറിഞ്ഞതോടെ ആ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ജപ്തിയുടെ നിഴലിലായ നിർധന കുടുംബത്തിന്‍റെ ബാധ്യത, വിരമിക്കുന്നതിന് തലേദിവസം അടച്ചുതീർത്ത് ആധാരം തിരികെ നൽകി സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ മേഴ്‌സി ചെറിയാൻ. സ്വന്തം കുടുംബക്കാർ പോലും ചെയ്യാത്ത കാര്യമാണ് അവർ ചെയ്തതെന്ന് ആധാരം തിരികെ ലഭിച്ച ബാലുശ്ശേരി സ്വദേശിയായ ജാനകി നിറകണ്ണുകളോടെ പറഞ്ഞു. ഒരിക്കലും മറക്കാനാവില്ലെന്നും എന്നും ഉറങ്ങാൻ കിടക്കുമ്പോൾ പോലും ആ നല്ല മനസ്സിന് നന്ദി പറയാറുണ്ടെന്നും ജാനകി പറഞ്ഞു.

പേര് അന്വർത്ഥമാക്കിയ മേഴ്സ് ചെറിയാൻ

"75000 രൂപയുടെ ലോണ്‍ ആയിരുന്നു ബാലുശ്ശേരി സ്വദേശിയായ ജാനകി എടുത്തത്. തിരിച്ചടവ് മുടങ്ങിയപ്പോൾ 2022ൽ അദാലത്ത് വിളിച്ചു. വായ്പക്കാരി ജാനകിയുടെ മകൾ പ്രമീളയാണ് അദാലത്തിൽ പങ്കെടുത്തത്. എത്രത്തോളം കിഴിവ് കൊടുക്കാൻ പറ്റുമെന്ന റിപ്പോർട്ട് തയ്യാറാക്കിയത് ഞാനാണ്. ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവരാണെന്ന് മുൻപ് മാനേജരായി ഇരിക്കുമ്പോൾ തന്നെ അറിയാമായിരുന്നു. തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ പ്രമീള വാവിട്ടു നിലവിളിച്ചു. കിഴിവും കഴിഞ്ഞ് 80,000 രൂപയാണ് അവർ അടയ്ക്കേണ്ടിയിരുന്നത്. അവരെ സഹായിക്കണമെന്ന് കരുതി അന്ന് ആ ലോണ്‍‌ പുതുക്കി. 2022 മാർച്ച് മുതൽ ഞാൻ ഓരോ മാസവും 1500 രൂപ വച്ച് അടച്ചുകൊണ്ടിരുന്നു. വിരമിക്കാറായതോടെ എങ്ങനെ ലോണ്‍ ക്ലോസ് ചെയ്യുമെന്ന ചിന്തയായി. അവരുടെ കരച്ചിലായിരുന്നു ഉള്ളുനിറയെ. അങ്ങനെയാണ് ബാക്കി തുക ഒരുമിച്ച് അടയ്ക്കാൻ തീരുമാനിച്ചത്. തുടർന്ന് ആധാരം കൈമാറുന്ന ഫോട്ടോ സഹപ്രവർത്തകർ എടുത്തിരുന്നു. അത് ബാങ്കിന്‍റെ ഗ്രൂപ്പിൽ മാത്രം ഷെയർ ചെയ്യുമെന്നാണ് കരുതിയത്. നാല് വർഷം ആരുമറിയാതെ ചെയ്ത കാര്യം പക്ഷേ എല്ലാവരും അറിഞ്ഞു. മൂന്ന് ദിവസമായി ഫോണിന് വിശ്രമമില്ല"- മേഴ്സി ചെറിയാൻ പറഞ്ഞു. കൊയിലാണ്ടി കാർഷിക വികസന ബാങ്കിലെ അസിസ്റ്റന്‍റ് സെക്രട്ടറിയായിട്ടാണ് മേഴ്സി ചെറിയാൻ വിരമിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം
ഉടമ അപകടത്തിൽ മരിച്ചു; പൊലീസ് സ്റ്റേഷന് അടുത്ത് തുരുമ്പിച്ച് കിടന്ന ബൈക്ക് ആരുമറിയാതെ വിറ്റ് പണം കൈപ്പറ്റി എഎസ്ഐ; സസ്പെൻ്റ് ചെയ്‌തു