
കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന സ്വകാര്യ ബസ് കേടായി വഴിയിൽ കുടുങ്ങി. മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയ ബസ് വൈകിട്ട് രണ്ടരയോടെ തകരാർ പരിഹരിച്ച് യാത്ര തുടർന്നു. 19 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ബെംഗളൂരുവിൽ നിന്ന് ബസ് യാത്ര പുറപ്പെട്ടത്. ഇന്ന് വൈകുന്നേരം 4 മണിയോടെ കണ്ണൂരിൽ എത്തേണ്ടതായിരുന്നു
ബസ് തകരാറിലായതോടെ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടാൻ ജീവനക്കാർ ശ്രമിച്ചെന്നും ആരോപണമുണ്ട്. പകരം വാഹനം ഏർപ്പാട് ചെയ്യാൻ ജീവനക്കാർ തയ്യാറായില്ലെന്നാണ് യാത്രക്കാർ പരാതി ഉന്നയിച്ചത്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനേ സാധിക്കൂവെന്നും പകരം ബസ് ലഭ്യമാക്കാനാവില്ലെന്നുമാണ് ബസ് ജീവനക്കാർ പറഞ്ഞതെന്ന് യാത്രക്കാർ ആരോപിച്ചു.
ബെംഗളൂരു മൈസൂരു ഹൈവേയിൽ ഇന്ന് പകൽ 10 മണിയോടെയാണ് ബസ് കുടുങ്ങിക്കിന്നത്. സെർവോസോണിക് ട്രാവലേഴ്‌സ് എന്ന കമ്പനിയുടെ കേരള രജിസ്ട്രേഷൻ ബസാണ് തകരാർ സംഭവിച്ചത്. യാത്രക്കാർ റീഫണ്ട് വാങ്ങാതെ യാത്രാ സൗകര്യം ഒരുക്കണമെന്ന് നിലപാടെടുത്തതോടെ ബസ് ജീവനക്കാർ ഇതിനുള്ള ശ്രമം തുടങ്ങുകയായിരുന്നു. മൂന്നര മണിക്കൂറോളം വഴിയിൽ കാത്തുനിന്ന ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam