ബേപ്പൂർ പിടിക്കാൻ അൻവർ; കോട്ട കാക്കാൻ റിയാസ്; സുൽത്താൻ പട്ടത്തിനായി കനത്ത പോരാട്ടം!

Published : Mar 20, 2026, 05:46 PM IST
PA Muhammad Riyas And PV Anvar

Synopsis

35 വർഷമായി ഇടതുകോട്ടയായ ബേപ്പൂരിൽ മന്ത്രി പിഎ മുഹമ്മദ് റിയാസും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നു. പിഎ മുഹമ്മദ് റിയാസ് 1800 കോടിയുടെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ, 'മരുമോനിസം' പോലുള്ള ആരോപണങ്ങളുമായി അൻവർ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ ശ്രമിക്കുന്നു. 

കോഴിക്കോട്: മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന ബേപ്പൂർ ഇത്തവണ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാകുന്നു. സംസ്ഥാനത്തെ 'യുവരാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്ത്രി പിഎ മുഹമ്മദ് റിയാസും, സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന പിവി അൻവറും നേർക്കുനേർ വരുമ്പോൾ ബേപ്പൂർ തീപാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

വികസനം ആയുധമാക്കി റിയാസ്; 'മരുമോനിസം' ഉയർത്തി അൻവർ

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബേപ്പൂരിന്റെ രാഷ്ട്രീയ നാഡിമിടിപ്പ് മുഹമ്മദ് റിയാസിന് സുപരിചിതമാണ്. 2016-ൽ വികെസി മമ്മദ് കോയ നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം 2021-ൽ 28,747 ആയി വർദ്ധിപ്പിച്ചാണ് റിയാസ് നിയമസഭയിലെത്തിയത്. മണ്ഡലത്തിൽ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇത്തവണ റിയാസിന്റെ പ്രധാന പ്രചാരണ ആയുധം.എന്നാൽ, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള പി.വി. അൻവറിന്റെ കടന്നുവരവ് പോരാട്ടത്തിന്റെ ഗതി മാറ്റിയിരിക്കുകയാണ്. 'പിണറായിസം', 'മരുമോനിസം' എന്നീ പ്രയോഗങ്ങളിലൂടെ സർക്കാരിനെ കടന്നാക്രമിക്കുന്ന അൻവർ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ്. യുഡിഎഫിന്റെ പൂർണ്ണ പിന്തുണയും മുസ്ലിം ലീഗിന്റെ സംഘടനാ കരുത്തും അൻവറിന് ആത്മവിശ്വാസം നൽകുന്നു.

അൻവറിൻ്റെ മുൻ പ്രസ്താവനകൾ

ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും തുല്ല്യ പ്രാധാന്യമുള്ള മണ്ഡലമാണ് ബേപ്പൂർ. മണ്ഡലത്തിൽ ഒരു വിശ്വാസ്യത പ്രശ്നം പിവി അൻവർ അഭിമുഖീകരിക്കാനുള്ള സാധ്യതയുണ്ട്. സിപിഎമ്മുമായി ചേർന്നു നിൽക്കുമ്പോൾ അദ്ദേഹം നടത്തിയ പല പ്രസ്താവനകളും ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് തിരിച്ചടിയായി മാറിയേക്കാം. രാഹുൽ ​ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവാണ് പിവി അൻവർ‌. വിഡി സതീശനെതിരെ അഴിമതി ആരോപണവും പിവി അൻവർ മുമ്പ് ആരോപിച്ചിട്ടുണ്ട്. പാണക്കാട് കുടുംബത്തിനെതിരായി വരെ പിവി അൻവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പിൽ‌ യുഡിഎഫിൻ്റെ ലേബലിൽ മത്സരിക്കുന്ന പിവിഅൻവറിന് തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്. ലീ​ഗ് അൻവറിനെ പിന്തുണയ്ക്കുന്നുണ്ടെന്നതാണ് അൻവറിന് മണ്ഡലത്തിൽ പ്രതീക്ഷവെക്കാവുന്ന കാര്യം. കഴിഞ്ഞ രണ്ട് വർഷംകൊണ്ട് കേരളത്തിൽ സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ പിവി അൻവറിന് സാധിച്ചിട്ടുണ്ട് എന്നതും ഒരു പോസിറ്റീവ് കാര്യമാണ്.

വികസന തേരിറേലി ജനങങൾക്കിടയിൽ

മുഹമ്മദ് റിയാസ് കരുത്തനായ ഒരു നേതാവ് തന്നെയാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന് യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് എംഎൽഎയായ വ്യക്തിയാണ്. വികെസി മമ്മദ് കോയ ആയിരുന്നു മുഹമ്മദ് റിയാസിനു മുമ്പ് എൽ‌‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നത്. 14000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് മമ്മദ് കോയ വിജയിച്ചത്. ഇത് 28,747 എത്തിച്ചാണ് റിയാസ് ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തിയത്. 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ബേപ്പൂരിൽ നടത്തിയിട്ടുണ്ടെന്നാണ് മുഹമ്മദ് റിയാസ് അവകാശപ്പെടുന്നത്. വികസനത്തിന്റെ തേരിലേറി തന്നെയാണ് ഇപ്രാവശ്യം മുഹമ്മദ് റിയാസ് വോട്ടു തേടി ജനങ്ങൾക്കിടയിലേക്ക് എത്തുന്നത്. എന്നാൽ എൽഡിഎഫ് കോട്ടയായ ബേപ്പൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മുഹമ്മദ് റിയാസിനെ ബാധിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

മിന്നും പ്രകടനം കാഴ്ചവെക്കാൻ ബിജെപി

അഡ്വ കെപി പ്രകാശ് ബാബുവാണ് ബേപ്പൂരിൽ ബിജെപിക്കുവേണ്ടി രം​ഗത്ത് ഇറങ്ങുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാനാർഥി തന്നെയാണ് പ്രകാശ് ബാബു. കഴിഞ്ഞ രണ്ട് തവണയും ഇദ്ദേഹം തന്നെയാണ് ബേപ്പൂരിലെ ബിജെപി സ്ഥാനാർഥി. മുസ്ലീം ഹിന്ദു മത വിഭാ​ഗക്കാർ‌ തുല്ല്യമായുള്ള സ്ഥലമാണ് ബേപ്പൂർ‌. ഇതിൽ ഹിന്ദു വോട്ടാമ് ബിജെപിക്ക് പോകുന്നത്. കഴിഞ്ഞ പ്രാവശ്യം ഏകദേശം ഇരുപത്തിയെട്ടായിരത്തിനടുത്ത് വോട്ടുകൾ നേടാൻ പ്രകാശ് ബാബുവിന് സാധിച്ചിട്ടുണ്ട്.

മുസ്ലീം വോട്ടുകൾ‌ കഴിഞ്ഞാൽ ഏറെ പ്രാധാന്യമുള്ള വോട്ടുകൾ തീരദേശ വോട്ടുകളാണ്. തീരദേശ വോട്ടുകൾ മുഹമ്മദ് റിയാസിന് അനുകൂലമാകില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ബേപ്പൂർ‌ സുൽ‌ത്താനാകുക പിഎ മുഹമ്മദ് റിയാസ് തന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം പിവി അൻവറിനെ തള്ളിക്കളയാനുമാകില്ല. അടിയൊഴുക്ക് ഉണ്ടാകാനുള്ള സാധ്യതയും ബേപ്പൂർ മണ്ഡലത്തിലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 28,747 വോട്ടിന് വിജയിച്ച സ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 1340 വോട്ടിന്‍റെ മേൽക്കൈ മാത്രമേ ഇടതുപക്ഷത്തിനുള്ളൂ. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂർ-നല്ലളം മേഖലയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും അടങ്ങുന്നതാണ് ബേപ്പൂർ നിയമസഭാ മണ്ഡലം. ഇതിൽ ഫറോക്ക്, രാമനാട്ടുകര നഗരസഭകളിൽ യുഡിഎഫിനാണ് ഭരണം. കടലുണ്ടി പഞ്ചായത്തിൽ എൽഡിഎഫുമാണ് ഭരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂർ-നല്ലളം എന്നിവിടങ്ങളിൽ യുഡിഎഫ് കാര്യമായ നേട്ടമുണ്ടാക്കിയെങ്കിലും ബേപ്പൂരിലും കടലുണ്ടിയിലും ഇടത് ആധിപത്യം തന്നെയാണ്.

'കോലീബി' സഖ്യത്തെ തകർത്തെറി‍ഞ്ഞ ബേപ്പൂർ

മണ്ഡലത്തിൽ അഞ്ച് വർഷം കൊണ്ട് നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് പുറമെ, വ്യക്തിപരമായ സൗഹൃദങ്ങളും തുണയ്ക്കുമെന്നാണ് റിയാസിന്‍റെ വിശ്വാസം. സൗഹൃദവലയത്തിൽ നിന്നു മാത്രം പതിനായിരം വോട്ടുകളെങ്കിലും തനിക്ക് ലഭിക്കുമെന്ന് റിയാസ് കരുതുന്നു. 1980 മുതൽ ബേപ്പൂർ നിയമസഭാമണ്ഡലം ഇടതുപക്ഷത്തിനൊപ്പമാണ്. 1991-ലെ തിരഞ്ഞെടുപ്പിൽ ഇവിടെ രൂപീകരിക്കപ്പെട്ട 'കോലീബി' സഖ്യം കേരള രാഷ്ട്രീയത്തിലെ തന്നെ ശ്രദ്ധേയമായ അധ്യായമായിരുന്നു. ബേപ്പൂർ, വടകര മണ്ഡലങ്ങളിലാണ് യുഡിഎഫും ബിജെപിയും ചേർന്ന് ഇടത് സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ രഹസ്യധാരണയുണ്ടാക്കിയത്. സഖ്യത്തിന്‍റെ ഭാഗമായി കെ. മാധവൻകുട്ടി എന്ന സ്വതന്ത്ര സ്ഥാനാർഥിയെയാണ് യുഡിഎഫും ബിജെപിയും പിന്തുണച്ചത്. ബജെപി തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് ഈ സ്വതന്ത്രന് പിന്തുണ നൽകി. ശക്തമായ മത്സരത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർഥി ടികെ ഹംസ 6,270 വോട്ടുകൾക്ക് വിജയിച്ച ചരിത്രമാണ് അവിടെയുള്ളത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥി, ഇടതു സ്വതന്ത്രനായി മത്സരിക്കും
വോട്ടുണ്ടോ എന്ന് ചോദിക്കരുത്, ചോദിച്ചാൽ 'ബിഗ് ബോസ്' ടാസ്കാകും! സെലിബ്രിറ്റി തന്ത്രം പാളി ട്വന്റി 20; കളം നിറഞ്ഞ് ട്രോളന്മാർ