
ദില്ലി : ബിഹാറിലെ എൻഡിഎ തെരഞ്ഞെടുപ്പ് വിജയം ജനങ്ങൾക്ക് വികസനവും സദ്ഭരണവും തന്നെയാണ് വേണ്ടതെന്ന സന്ദേശമാണ് നൽകുന്നതെന്ന് കേരളത്തിന്റെ ചുമതല നിർവഹിക്കുന്ന മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. ബിഹാറിലെ വിജയം കേരളത്തിലും, തമിഴ്നാട്ടിലും, അസമിലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിലെ ജനങ്ങളും മോദിയുടെ വികസന രാഷ്ട്രീയം തിരിച്ചറിഞ്ഞു. വന്ദേഭാരത് ട്രെയിൻ മുതൽ-വിഴിഞ്ഞം പോർട്ട് വരെ ഇതിന്റെ ഉദാഹരണമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ക്ഷീണത്തിൽ നിന്നും ബിജെപി തിരിച്ചുവന്നുവെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപി തെരഞ്ഞെടുപ്പ് വോട്ട് വിഹിതം 20 തിൽ നിന്നും 25 ആയി ഉയർത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനം നന്നായി പുരോഗമിക്കുന്നുണ്ട്.
ജനങ്ങളുമായി ബന്ധം പുലർത്തുന്നവർക്ക് മാത്രമേ മത്സരിക്കാൻ ടിക്കറ്റ് നൽകുകയുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം രചിക്കും. ബിജെപി കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുമെന്നും സംഖ്യ ഇപ്പോൾ പ്രവചിക്കാനില്ലെന്നും ജാവ്ദേക്കർ കൂട്ടിച്ചേർത്തു.