മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡി: വ്യാജ പരാതി നൽകിയ വീട്ടുടമക്കെതിരെ അന്വേഷണം വേണമെന്ന് ബിന്ദു

Published : Jun 03, 2025, 05:17 PM ISTUpdated : Jun 03, 2025, 05:26 PM IST
മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡി: വ്യാജ പരാതി നൽകിയ വീട്ടുടമക്കെതിരെ അന്വേഷണം വേണമെന്ന് ബിന്ദു

Synopsis

വ്യാജ മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച കേസിൽ വീട്ടുടമ ഓമനക്കെതിരെ പരാതിയുമായി ബിന്ദു

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വ്യാജ മോഷണ പരാതിയുടെ പേരിൽ കസ്റ്റഡിയിൽ കഴിഞ്ഞ ബിന്ദു പൊലീസിന് മൊഴി നൽകി. പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക പൊലീസ് സംഘത്തിനാണ് മൊഴി നൽകിയത്. ആറര മണിക്കൂറോളം നേരമാണ് പൊലീസ് ബിന്ദുവിൽ നിന്ന് മൊഴിയെടുത്തത്. തനിക്കെതിരെ വ്യാജ പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയേലിനെതിരെ അന്വേഷണം വേണമെന്ന് ബിന്ദു പൊലീസിനോട് ആവശ്യപ്പെട്ടു.പരാതിക്കാരിയായ വീട്ടുമ ഓമന ഡാനിയൽ വ്യാജ കേസിൽ തന്നെ പ്രതിയാക്കി അപമാനിച്ചുവെന്നാണ് ബിന്ദു മൊഴി നൽകിയിരിക്കുന്നത്.

ചുള്ളിമാനൂർ സ്വദേശി ബിന്ദു ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു.  രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ചു. അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ ബിന്ദുവിനെ വിട്ടയച്ചു.

പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്. പൊലീസ് പീഡനത്തിൽ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പി വിദ്യാധാരൻെറ നേതൃത്വത്തിൽ ഒരു വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലാണ് വീട്ടിലെത്തി മൊഴിയെടുത്തത്. ഓമന ഡാനിയേലിൻെറ വീട്ടിൽ ജോലിക്കെത്തിയതു മുതൽ പൊലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ചതു വരെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷണ സംഘം രേഖപ്പെടുത്തി. പൊലീസിനെതിരെ മാത്രമല്ല പരാതി നൽകിയ വീട്ടുടമയെ കുറിച്ചും അന്വേഷണം വേണമെന്ന് ബിന്ദു മൊഴി നൽകി.

പരാതി നൽകിയ ഓമന ഡാനിയേലിൻെറ വീടും സ്വർണം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലവും ഇന്നലെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.  പേരൂര്‍ക്കട സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടേയും ഓമന ഡാനിയേലിന്‍റെയും മൊഴി എടുക്കും. ആദ്യം അന്വേഷണം നടത്തിയവരിൽ നിന്നും വിവരങ്ങൾ തേടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം