ബിനീഷ് കോടിയേരിക്കെതിരായ കേസ്: ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് ഇഡി

By Web TeamFirst Published Nov 16, 2020, 11:27 AM IST
Highlights

ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഈ മാസം 18 ന്, അന്വേഷണത്തോട് സഹകരിക്കാത്ത ബിനീഷിന്റെ സുഹൃത്തുക്കളുടെ നിലപാട് അന്വേഷണ സംഘം കോടതിയെ അറിയിക്കും

ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം. അബ്ദുൾ ലത്തീഫിനെയും റഷീദിനെയയും ബന്ധപ്പെടാനാവുന്നില്ല. എസ് അരുൺ പത്ത് ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു. മൂന്ന് പേർക്കും ബുധനാഴ്ച ചോദ്യയം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഈ മാസം 18 ന്, അന്വേഷണത്തോട് സഹകരിക്കാത്ത ബിനീഷിന്റെ സുഹൃത്തുക്കളുടെ നിലപാട് അന്വേഷണ സംഘം കോടതിയെ അറിയിക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസയച്ചത്. ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി കണ്ടെത്തയ വ്യാപാരി അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ റഷീദ്, അരുൺ എസ്, ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടന്‍ എന്നിവർക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നവംബർ 18ന് രാവിലെ ഇഡി ആസ്ഥാനത്തെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അബ്ദുല്‍ ലത്തീഫിനോടും റഷീദിനോടും നേരത്തെ തന്നെ ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഇരുവരും എത്തിയിരുന്നില്ല. ഇവർക്ക് രണ്ടാമതും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കും. ബുധനാഴ്ച ബിനീഷിന്‍റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം ബിനീഷ് പാരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്.

click me!