ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

By Web TeamFirst Published Nov 16, 2020, 2:11 PM IST
Highlights

ബിനീഷിന്റെ സുഹൃത്തുക്കളായ അബ്ദുൾ ലത്തീഫിനെയും റഷീദിനെയയും ബന്ധപ്പെടാനാവുന്നില്ല. എസ് അരുൺ പത്ത് ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു. മൂന്ന് പേർക്കും ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി. മോഷണം, വഞ്ചന തുടങ്ങിയ കേസുകളിൽ റിമാന്റിൽ കഴിയുന്ന തടവുകാർക്കൊപ്പമാണ് ബിനീഷ് ഇനി കഴിയുക. ആർടിപിസിആർ ഫലവും നെഗറ്റീവായതോടെയാണ് പരപ്പന അഗ്രഹാര ജയിൽ അധികൃതരുടെ നടപടി.

നവംബർ 25 വരെയാണ് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ഈ മാസം 18 ന് കോടതി വാദം കേൾക്കും. എന്നാൽ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തോട് ബിനീഷിന്റെ സുഹൃത്തുക്കൾ സഹകരിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആരോപിക്കുന്നു. 

ബിനീഷിന്റെ സുഹൃത്തുക്കളായ അബ്ദുൾ ലത്തീഫിനെയും റഷീദിനെയയും ബന്ധപ്പെടാനാവുന്നില്ല. എസ് അരുൺ പത്ത് ദിവസത്തേക്ക് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചു. മൂന്ന് പേർക്കും ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഈ മാസം 18 ന്, അന്വേഷണത്തോട് സഹകരിക്കാത്ത ബിനീഷിന്റെ സുഹൃത്തുക്കളുടെ നിലപാട് അന്വേഷണ സംഘം കോടതിയെ അറിയിക്കും.

click me!