
സി പി എം - ബി ജെ പി ഡീലെന്ന കോൺഗ്രസ് ആരോപണം യു ഡി എഫ് - ബി ജെ പി സഖ്യത്തിന്റെ യഥാർത്ഥ പൊരുൾ മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തം കള്ളങ്ങൾ മൂടിവെക്കാൻ നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ നേരിടാൻ കേരളം ഒരുങ്ങിക്കഴിഞ്ഞെന്നും യു ഡി എഫ് - ബി ജെ പി സഖ്യത്തെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യു ഡി എഫ് അധികാരത്തിലേറിയില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞ വി ഡി സതീശൻ വാക്ക് പാലിക്കുന്ന വ്യക്തിയാണെങ്കിൽ ഇപ്പോൾ തന്നെ കെട്ടു മുറുക്കണമെന്നും അദ്ദേഹം പരിഹസിച്ചു. അമ്പലപ്പുഴ സീറ്റിന്‍റെ പേരിൽ പാർട്ടിയിൽ കലാപമുയർത്തി സി പി എം വിടാനുള്ള ജി സുധാകരന്റെ തീരുമാനത്തിൽ ബിനോയ് വിശ്വം അതൃപ്തി പ്രകടിപ്പിച്ചു. ഒരു സഖാവായ അദ്ദേഹം പാർട്ടി വിടാൻ പാടില്ലായിരുന്നുവെന്നും ഈ തീരുമാനത്തിൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ഓർമ്മിപ്പിച്ചു.
അതേസമയം വി ഡി സതീശൻ നുണയനാണെന്ന ആരോപണം കടുപ്പിക്കുകയാണ് സി പി എം. വി ഡി സതീശൻ നുണയാശാൻ ആണെന്ന് മുതിര്‍ന്ന സി പി എം നേതാവ് എ കെ ബാലൻ ആരോപിച്ചു. വർഗീയ അജണ്ട വെച്ചാണ് സതീശന്റെ പരാമർശം എന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരം വർഗ്ഗീയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തളളും. കോൺഗ്രസ് ഇപ്പോൾ തോൽവി ഭയന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽ ഡി എഫിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്. എൻ എം ആർ റസാഖ് കർമം കൊണ്ടും വിശ്വാസം കൊണ്ടും ജനമനസിൽ ഇടം നേടിയ ആളാണ്. പാലക്കാട് കഴിഞ്ഞ ഒന്നരകൊല്ലം കണ്ടത് സെക്സ് സിനിമയാണ്. മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ് ബി ജെ പി ഡീലാണ് നടക്കുന്നത്. പാലക്കാട് മുഴുവൻ സിറ്റിയിലും എൽ ഡി എഫ് ജയിക്കും. പി കെ ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ കെ ബാലൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam