
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ ആരോപണത്തിൽ തിരുവമ്പാടി മണ്ഡലത്തിലെ ആരോപണവും തെറ്റെന്ന് തെളിഞ്ഞു. അനുരാഗ് താക്കൂറിൻ്റെ ആരോപണമാണ് ഇതോടെ പൊളിയുന്നത്. ഒരു വീട്ട് പേരിൽ വിത്യസ്ത മതങ്ങളിൽ ഉൾപ്പെടുന്ന 4246 വോട്ടുകൾ ചേർത്തു എന്നായിരുന്നു ആരോപണം. തിരുവമ്പാടി മണ്ഡലത്തിൽ നിന്നുള്ള രണ്ടു വോട്ടർ ഐ ഡി ആയിരുന്നു ബിജെപി പുറത്ത് വിട്ടത്. ഈ വോട്ടർമാരെ നേരിട്ട് കണ്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘം അന്വേഷണം നടത്തി. ഇതിൽ വ്യാജന്മാരല്ല, യഥാർത്ഥ വോട്ടർമാർ തന്നെ എന്ന് ഷാഹിനയും മാധവനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരേ വീട്ടുപേര് എങ്കിലും ഇവർ ഒരേ കുടുംബം അല്ല. ഒന്നിച്ചും അല്ല താമസവുമെന്നും വോട്ടർമാർ വിത്യസ്ത വീടുകൾ ഉള്ളവരെന്നും പ്രതികരണം. പ്രദേശത്ത് വള്ളിക്കെട്ടുമ്മൽ എന്ന വീടുപേരിൽ നിരവധി വോട്ടർമാരെന്നും അവ പ്രതികരിച്ചു.
അതിനിടെ, അനുരാഗ് താക്കൂറിൻ്റെ വാദങ്ങൾ പൊളിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പങ്ക് വച്ച് എഐസിസി വക്താവ് സുപ്രിയ ശ്രീനെയ്റ്റ്. ചുണ്ടേരി വീട്ടുപേരല്ലെന്നും പ്രദേശത്തിൻ്റെ പേരാണെന്നും ഈ വിഡ്ഢികൾ എന്ന് മനസിലാക്കുമെന്നും സുപ്രിയ ശ്രീനെയ്റ്റ്.
ഏറനാട് മണ്ഡലത്തിലെ ആരോപണവും നേരത്തെ പൊളിഞ്ഞിരുന്നു. മൈമൂന എന്ന ഒരു വോട്ടർക്ക് മൂന്നു ബൂത്തുകളിൽ വോട്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളില്‍ വോട്ടുണ്ടെന്നായിരുന്നു ആരോപണം. മൂന്ന് ബൂത്തുകളിലും വോട്ടുള്ളത് വെവ്വേറെ മൈമൂനമാർക്കെന്ന് തെളിഞ്ഞു.