
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലെന്ന രാഷ്ട്രീയ അശ്ലീലത്തെ പേറി നടക്കേണ്ട ഗതികേടിലാണ് കോൺഗ്രസെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്. ഇത്തരം അശ്ലീലങ്ങൾക്കെതിരെ പ്രതിഷേധിച്ച് സമയം കളയാത്തതാണ് നല്ലത്. ഇത്തരം പ്രവൃത്തി നടത്തുന്നവരെക്കുറിച്ച് സംസാരിക്കാൻ പോലും താൽപര്യമില്ല. രാഹുലിനെ പേറി നടക്കുന്നത് കോൺഗ്രസിൻ്റെ ജീർണതയാണ് വെളിപ്പെടുത്തുന്നതെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതിയിൽ പൊലീസ് രാഹുലിനെ സംരക്ഷിക്കുകയാണെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ ആരോപിച്ചു. അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് അവസരം ഒരുക്കുന്നു. ഗുരുതര കുറ്റം ചെയ്തിട്ടും ശക്തമായ വകുപ്പുകൾ ഇട്ടില്ല. രാഹുൽ കേരളത്തിൽ തന്നെ ഉണ്ട്, സംസ്ഥാനം വിട്ടിട്ടില്ല. കോൺഗ്രസ് - സിപിഎം ധാരണയാണ് അറസ്റ്റ് വൈകിക്കുന്നത്. അറസ്റ്റ് വൈകുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ബിജെപി അറിയിച്ചു. ചെയ്ത കുറ്റം രാഹുൽ സമ്മതിക്കുന്നതാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കാണുന്നതെന്നും ബിജെപി ആരോപിച്ചു.
രാഹുലിന് തെറ്റുപറ്റിയെന്നും എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും കോൺഗ്രസ് നേതാവ് കെ സുധാകരൻ. തനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. രാജ്മോഹൻ ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. അതേസമയം, മറ്റു കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുമ്പോഴും കോൺഗ്രസ് മുഖപത്രം രാഹുലിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്.
സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതാണ് രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴും മുഖപത്രം പിന്തുണയാണ് നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam