'മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും തന്റെയും ചോര നുണയാമെന്ന പൂതി നടക്കില്ല, എല്ലാം ബിജെപി ഒത്താശ' : ജലീൽ 

Published : Jun 08, 2022, 09:26 AM ISTUpdated : Jun 08, 2022, 10:43 AM IST
'മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും തന്റെയും ചോര നുണയാമെന്ന പൂതി നടക്കില്ല, എല്ലാം ബിജെപി ഒത്താശ' : ജലീൽ 

Synopsis

''പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാതലത്തിൽ എനിക്കെതിരെ വിധി കിട്ടാൻ യൂത്ത് ലീഗിന് മുന്നിൽ ഇനി ഒറ്റ വഴിയേ ഉള്ളൂ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കുക. പത്ത് ദിവസം കൊണ്ട് ഹർജി ഫയലിൽ സ്വീകരിച്ച് വാദം പൂർത്തിയാക്കി കക്ഷിക്ക് നോട്ടീസ് പോലുമയക്കാതെ ഇച്ഛിച്ച വിധി കിട്ടും. വക്കീലായി പഴയ ആളെത്തന്നെ വെച്ചാൽ മതി. "

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, ബന്ധുക്കൾ, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ വലിയ ചർച്ചയാകുകയാണ്. മുഖ്യമന്ത്രി കറൻസി കടത്തിയെന്ന ഗുരുതരമായ ആരോപണത്തെ പ്രതിപക്ഷം  ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ സ്വപ്നയുടെ ആരോപണങ്ങളെ പരിഹസിച്ച് തള്ളുകയാണ് മുൻ മന്ത്രിയും ആരോപണ വിധേയനുമായ കെ ടി ജലീൽ. 'ബിരിയാണിപ്പൊതി' ആരോപണത്തിന് പിന്നിൽ ബിജെപി ഒത്താശയാണെന്നും വേട്ടയാടാനുള്ള ശ്രമം നടക്കില്ലെന്നും ജലീൽ ഫേസ് ബുക്കിൽ കുറിച്ചു. ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ നാടകമാണ് നടന്നത്. അത് പൊളിഞ്ഞു. മുഖ്യമന്ത്രിയുടെയും കുടുംബതിന്റെയും തന്റെയും ചോര നുണയാമെന്ന ആഗ്രഹം നടക്കില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. 

'മുഖ്യമന്ത്രി മാറണം, രാജി വയ്ക്കണം, സിപിഎം - ബിജെപി ധാരണയുണ്ട്', വി ഡി സതീശൻ


ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം 

ആർ.എസ്.എസ്സിൻ്റെ ഭീഷണിക്ക് മുമ്പിൽ തലകുനിക്കാതെ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ നടത്തിയ നാടകം പൊളിഞ്ഞു പാളീസായി. മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവിൽ സഖ്യം വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും ഈ വിനീതൻ്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. അതിനു വെച്ച വെള്ളം കോലീബിക്കാരും വർഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാം.

ബി.ജെ.പി ഒത്താശയോടെ നടത്തപ്പെട്ട കോൺസുലേറ്റിലെ "ബിരിയാണിപ്പൊതി" പ്രയോഗം ലീഗിനെ അപമാനിക്കാൻ ഉന്നം വെച്ചുള്ളതാണെന്ന് ലീഗിൻ്റെ പൊന്നാപുരം കോട്ടയായ താനൂരിൽ തോറ്റ് തുന്നം പാടിയ 'യുവ സിങ്കം' പറഞ്ഞതായി ഒരു കരക്കമ്പിയുണ്ട്. ബിരിയാണിച്ചെമ്പ് പൊട്ടിക്കും മുമ്പേ മുത്തലാഖ് ബില്ലിൻ്റെ കാര്യം മറന്ന് പറന്നെത്തിയ പാർട്ടിയുടെ അനുയായിയല്ലേ? അങ്ങിനെ ചിന്തിച്ചില്ലെങ്കിലല്ലേ അൽഭുതമുള്ളൂ.

പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാതലത്തിൽ എനിക്കെതിരെ വിധി കിട്ടാൻ യൂത്ത് ലീഗിന് മുന്നിൽ ഇനി ഒറ്റ വഴിയേ ഉള്ളൂ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കുക. പത്ത് ദിവസം കൊണ്ട് ഹർജി ഫയലിൽ സ്വീകരിച്ച് വാദം പൂർത്തിയാക്കി കക്ഷിക്ക് നോട്ടീസ് പോലുമയക്കാതെ ഇച്ഛിച്ച വിധി കിട്ടും. വക്കീലായി പഴയ ആളെത്തന്നെ വെച്ചാൽ മതി. "അതാ അതിൻ്റെ ഒരു ഇത്".

'അസത്യം പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതണ്ട': സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി

മുഖ്യമന്ത്രി 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്ന 

മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥരായ എം ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കെതിരെ വലിയ വെളിപ്പെടുത്തലുകളാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമാണ് സ്വപ്മയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 
സ്വപ്നയുടെ വാക്കുകൾ 

'2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോകുന്ന സമയത്താണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുൽ ജനറലിന്‍റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. അത് നിർബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്‍റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. 

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്''

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വരുന്നു, പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷൻ, സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതുതായി എൻആര്‍ഐ പൊലീസ് സ്റ്റേഷൻ തുടങ്ങും
'പാർട്ടി നടപടി പ്രതീക്ഷിച്ചത്, അത്ഭുതമില്ല ഭയവുമില്ല, ദ്രോഹിച്ചവരെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയും': നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ