
കോട്ടയം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേന്ദ്ര മന്ത്രിയും. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ആകും. ബിജെപിയുടെ പ്രതീക്ഷ ഉള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ജോർജ് കുര്യന് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിന് കൊച്ചിയിൽ മോദിയെത്തും. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കും. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.
ഇതിനിടെ പത്മജ വേണുഗോപാൽ തൃശൂരും ശോഭാ സുരേന്ദ്രൻ പാലക്കാടും മത്സരിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഇരുവരോടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചനകൾ. പാർട്ടി ആവശ്യപ്പെട്ടാൽ തൃശ്ശൂരിൽ മത്സരിക്കാൻ സന്തോഷമേയുള്ളൂ എന്ന് പത്മജാ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എ ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന തൃശ്ശൂരിലും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെ തന്നെ ബിജെപി നിശ്ചയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിൽ തൃശ്ശൂരിൽ അങ്കം കുറിക്കും. തൃശ്ശൂർ ഉള്ളംകൈയിൽ എന്നപോലെ പത്മജക്ക് സുപരിചിതം ആണെന്നതും സുരേഷ് ഗോപിയുടെ പിന്തുണയും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 35 ഡിവിഷനുകളിൽ സുരേഷ്ഗോപിക്ക് മേൽക്കൈ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും പത്മജയുടെ വരവോടെ കാര്യങ്ങൾ തിരിയും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. നിലവിൽ തിരുവനന്തപുരത്തുള്ള പത്മജാ വെള്ളിയാഴ്ചയോടുകൂടി തൃശ്ശൂർ എത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും.
2016 ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശോഭാ സുരേന്ദ്രന് നാൽപതിനായിരത്തിലധികം വോട്ടുകൾ ആണ് സമാഹരിക്കാൻ കഴിഞ്ഞത്. ബിജെപി അന്ന് തൊട്ട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉൾപ്പെടെ കത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ ശോഭയെ പോലെ ഒരു വനിതാ നേതാവിനെ തന്നെ മത്സരത്തിന് ഇറക്കിയാൽ മണ്ഡലം കൂടെ പോരും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. പാലക്കാട് ബിജെപിക്ക് ഉള്ളിൽ ഉള്ള വിഭാഗീയത കാരണം മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ശോഭയ്ക്ക് സംശയം ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam