
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെത്തുടർന്ന് ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു. പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്‍റ് വിളപ്പിൽ സന്തോഷിന്‍റെ വീട്ടിൽ നിന്നാണ് 17 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സന്തോഷിന്‍റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സന്തോഷിന്‍റെ വീടിന്‍റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിലെ പച്ചക്കറി കൃഷിക്കിടെ സന്തോഷ് കഞ്ചാവ് ചെടികളും വളർത്തുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്തോഷ് ഫേസ്ബുക്കിലാണ് രാജിക്കാര്യം പങ്കുവെച്ചത്. 'വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ലെന്നും അതില്‍ എസ്‍സി മോർച്ച ജില്ലാ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു' എന്നായിരുന്നു സന്തോഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റില്‍
തൃശ്ശൂർ തളിക്കുളത്ത് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പത്താംകല്ല് സ്വദേശി സുഹൈൽ ആണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പത്താംകല്ലിലെ വീടിന് പുറകിലെ പറമ്പിൽ നാലടിയോളം ഉയരത്തിൽ വളർന്ന നിലയിലായിരുന്നു കഞ്ചാവ് ചെടി. കഞ്ചാവ് ചെടി പൊലീസ് പിഴുതെടുത്ത് മാറ്റി. തീരദേശത്തെ ലഹരിക്കടത്തുകാരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും വരും ദിവസങ്ങളിൽ റെയ്ഡുകളടക്കം കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Also Read: 'മാട്ടക്കണ്ണന്‍റെ' മൊഴി; മയക്കുമരുന്ന് ഡീലറെ പൊക്കി പൊലീസ്, മാരക മയക്കുമരുന്നുകള്‍ പിടികൂടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam