
പാലക്കാട്: പാലക്കാട് എംഎൽഎക്കെതിരെ മുൻപും ആരോപണം ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ. വിശദമായി അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. കോണ്‍ഗ്രസ് പ്രവർത്തകർക്ക് എല്ലാം അറിയാം. ആരോപണം ആർക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും പ്രശാന്ത് ശിവൻ പ്രതികരിച്ചു. ഇവിടത്തെ സ്ത്രീകളുടെ മാനം സംരക്ഷിക്കാൻ തെരുവിലിറങ്ങും. പ്രതിഷേധം ഇവിടെ അവസാനിക്കില്ല. ശക്തമായ പ്രതിഷേധവുമായി മുന്നിലുണ്ടാകും. ശ്രീകണ്ഠാപുരത്തെ ഫ്ലാറ്റിനെ കുറിച്ച് അന്വേഷിക്കട്ടെ. പാലക്കാട് എംഎൽഎ ആയി പോയ ശേഷം നിയമസഭയിൽ അദ്ദേഹം ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. അതിനുശേഷം വിജയാഘോഷം നടത്താൻ എങ്ങോട്ടാണ് പോതെന്നും അന്വേഷിക്കട്ടെയെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു.
ഹൂ കെയേഴ്സ് എന്ന് ആരാണ് മുൻപ് മറുപടി പറഞ്ഞതെന്ന് അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന നേതാവ് വേണോയെന്ന് കോണ്‍ഗ്രസ് പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. നടി റിനി ആൻ ജോര്‍ജിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനിടെ സംസാരിക്കുകയായിരുന്നു ഇരുവരും.
എംഎൽഎ ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കം ചെയ്തു. മാര്‍ച്ചിൽ പങ്കെടുത്ത സി കൃഷ്ണകുമാറിനെയും പൊലീസ് തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുദ്രാവാക്യം മുഴക്കിയും രാജി ആവശ്യപ്പെട്ടുമായിരുന്നു മാര്‍ച്ച്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്കും ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഗുരുതര വെളിപ്പെടുത്തലുമായി റിനി ആൻ ജോർജ്
യുവനേതാവിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് പേരോ പാർട്ടിയോ പറയാതെ എന്നാൽ വ്യക്തമായ സൂചനകൾ നൽകിയാണ് നടിയും മോഡലുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. മൂന്നര വർഷം മുൻപ് സോഷ്യൽ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടതിന് പിന്നാലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. പിന്നാലെ അശ്ലീല സന്ദേശങ്ങൾ. ആവർത്തിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടും നിർബന്ധിച്ചു കൊണ്ടേയിരുന്നു. വഴങ്ങില്ലെന്ന് മനസിലായപ്പോൾ പലതരത്തിൽ മെസേജുകൾ. ഈ വർഷം ഫെബ്രുവരി വരെ ഇത് തുടർന്നു. ഇപ്പോൾ എന്തു കൊണ്ട് ഇത് പറയുന്നു എന്ന ചോദ്യത്തിന് കൂടുതൽ ഇരകൾ ഉണ്ടെന്ന് ബോധ്യമായതു കൊണ്ടെന്നാണ് റിനിയുടെ മറുപടി. പാർട്ടി നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ആരോട് വേണമെങ്കിലും പറഞ്ഞോളാനായിരുന്നു യുവനേതാവിന്റെ മറുപടി. ഇയാളെക്കുറിച്ച് പല നേതാക്കളോടും പരാതി പറഞ്ഞെങ്കിലും തുടർന്നും കൂടുതൽ പദവികൾ കിട്ടിക്കൊണ്ടേയിരുന്നു എന്നും റിനി പറയുന്നു. ധാർമികതയുണ്ടെങ്കിൽ നേതൃത്വം ഈ നേതാവിനെ മാറ്റി നിർത്തണമെന്ന് പറഞ്ഞാണ് റിനി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.