
കണ്ണൂർ: തലശേരിയിൽ ബിജെപി പ്രവർത്തകനായിരുന്ന കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികളേയും ഹൈക്കോടതി വെറുതെവിട്ടു. സിപിഎം പ്രവർത്തകരായ അഖിലേഷ്, ലിജേഷ്, കലേഷ്, വിനീഷ്, പി കെ ഷൈജേഷ് എന്നിവരെയാണ് വെറുതെവിട്ടത്. 2008ൽ വീട്ടിൽകയറി കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികളെ ജീവപരന്ത്യം തടവിന് ശിക്ഷിച്ച തലശേരി അഡീഷണൽ സെഷൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. 2008 മാർച്ച് ഏഴിന് രാത്രി എട്ടിനാണ് സംഭവം ഉണ്ടായത്. രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഭാര്യ സൗമിനിയെ പിടിച്ചുവച്ച ശേഷം, സുരേന്ദ്രനെ കിടപ്പുമുറിയിലേക്കു തള്ളിക്കൊണ്ടു പോയി വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.