വളകാപ്പ് കഴി‌‌ഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വാഹനാപകടം, 7 മാസം ഗ‍ർഭിണിയായ യുവതിയും പിതാവും കൊല്ലപ്പെട്ടു

Published : Jun 25, 2025, 12:06 PM IST
chennai accident death

Synopsis

മദ്യപിച്ച് ലക്കുകെട്ട് 7 കിലോമീറ്ററോളം തെറ്റായ ദിശയിൽ ഓടിച്ച കാ‍ർ ഇടിച്ച് കയറി ഗ‍ർഭിണിക്കും പിതാവിനും ദാരുണാന്ത്യം

താമ്പരം: വളകാപ്പ് ചടങ്ങ് കഴിഞ്ഞ് ഏഴ് മാസം ഗർഭിണിയായ യുവതിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാർ അപകടത്തിൽപ്പെട്ടു. 23കാരിക്കും പിതാവിനും ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈയിൽ അമ്പട്ടൂർ താമ്പരം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിലാണ് ഏഴ് മാസം ഗ‍ർഭിണിയായ ദീപികയും അച്ഛനും പത്മനാഭനും കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ 26കാരനായ മണികണ്ഠനെന്നയാൾ തെറ്റായ ദിശയിൽ കാറുമായെത്തി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ച് കയറുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

ദീപികയുടെ അമ്മ ഇന്ദ്രാണി, കാർ ഓടിച്ചിരുന്ന ഭുവനേശ്വരൻ എന്നിവ‍ർക്ക് ഗുരുതര പരിക്കാണ് അപകടത്തിൽ സംഭവിച്ചിട്ടുള്ളത്. അമ്പട്ടൂരിൽ വച്ചായിരുന്നു ദീപികയുടെ വളകാപ്പ് ചടങ്ങ് കഴിഞ്ഞ് മേഡവാക്കത്തെ സന്തോഷപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചത്. മധുരൈ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വളകാപ്പ് ചടങ്ങ് പൂർത്തിയാക്കി മകളെ മധുരയിലെ വീട്ടിലേക്ക് പ്രസവത്തിന് തിരികെ കൊണ്ടുപോവാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം.

ദീപികയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ ഇടത് ഭാഗത്തായാണ് തെറ്റായ ദിശയിൽ മണികണ്ഠൻ ഓടിച്ച കാർ ഇടിച്ച് കയറിയത്. പരിക്കേറ്റ പദ്മനാഭനേയും ദീപികയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പട്ടൂരിലെ ഒരു ഐടി സ്ഥാപനത്തിലെ ഡ്രൈവറായ മണികണ്ഠൻ ഏഴ് കിലോമീറ്ററോളം തെറ്റായ ദിശയിൽ ഓടിച്ചെത്തിയാണ് കാറിൽ ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ ഇയാളുടെ കാറിലെ എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ ഇയാൾ നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് കാറിൽ ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങിയ മണികണ്ഠൻ അമ്പട്ടൂർ താമ്പരം ബൈപ്പാസിലൂടെ ഏഴ് കിലോമീറ്റർ തെറ്റായ ദിശയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. മണികണ്ഠൻ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും