
തിരുവനന്തപുരം: ബോര്‍ഡ് - കോർപറേഷൻ വിഭജന വിഷയത്തിൽ കടുത്ത അതൃപ്തിയിൽ എ ഗ്രൂപ്പ്. ചര്‍ച്ചകളിൽ പങ്കെടുപ്പിക്കാത്തതിലാണ് അതൃപ്തി. മുഖ്യന്ത്രി വി ഡി സതീശനെയും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെയും അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനെയും അതൃപ്തി അറിയിക്കാനാണ് തീരുമാനം. കെ സി വേണുഗോപാലിനെയും ദീപദാസ് മുന്‍ഷിയെയും പരാതി അറിയിക്കും. അവഗണനയിൽ സഹികെട്ടെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. കൂടിയാലോചനകൾക്ക് ശേഷം അടുത്ത നീക്കം നടത്താനാണ് തീരുമാനം.
ബോര്‍ഡ് - കോർപറേഷൻ വിഭജനത്തിൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് ക്ലിഫ് ഹൌസിൽ ചർച്ച നടത്തിയത്. എ ഗ്രൂപ്പിൽ നിന്ന് ആരെയും ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് പരാതി. ബോർഡ് വിഭജനത്തിൽ കോണ്‍ഗ്രസിന് എത്രത്തോളം സ്ഥാനമാനങ്ങൾ കിട്ടുമെന്ന് അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്. ആരെയൊക്കെ നിയമിക്കുമെന്ന് അറിയുന്നില്ല, മാനദണ്ഡങ്ങൾ അറിയുന്നില്ല എന്നെല്ലാമാണ് ആക്ഷേപം. അവഗണന തുടരെ തുടരെ ഉണ്ടാകുന്നു എന്നാണ് എ ഗ്രൂപ്പിന്‍റെ വിലയിരുത്തൽ. എം എം ഹസൻ, കെ സി ജോസഫ്, ബെന്നി ബെഹ്നാൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ കൂടിയാലോചനകൾക്ക് ശേഷമാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്.
ബുധനാഴ്ചയാണ് മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും കണ്ട് അതൃപ്തിയും ആവശ്യവും അറിയിച്ചത്. ഇനി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അതൃപ്തി അറിയിക്കും. എ ഗ്രൂപ്പിൽ നേതാക്കള്‍ അടുത്ത കാലത്ത് ഇതു പോലെ ഒന്നിച്ചൊരു നീക്കം നടത്തിയിട്ടില്ല. പഴയതു പോലെ ശക്തി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam