തിരുവനന്തപുരം മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി കോർപ്പറേഷൻ വിലക്കിയതായി ആക്ഷേപം. മാനവീയം രജതജൂബിലി ആഘോഷ സമിതി നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ ഗാനമേളയ്ക്കാണ് അനുമതി നിഷേധിച്ചത്.
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടി കോർപ്പറേഷൻ വിലക്കിയെന്ന് ആക്ഷേപം. മാനവീയം രജതജൂബിലി ആഘോഷ സമിതി നാളെ നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ ഗാനമേളയ്ക്കാണ് അനുമതി നിഷേധിച്ചത്. കാരണം പറയാതെ മേയർ അനുമതി അപേക്ഷ തളളിയെന്ന് സംഘാടകർ ആരോപിച്ചു. എന്നാൽ രജത ജൂബിലി ആഘോഷ സമിതിയിൽ കോർപ്പറേഷന്റെ പങ്കാളിത്തമില്ലെന്നും ഏതെങ്കിലു നാലു പേർ ചേർന്ന് സമിതിയുണ്ടാക്കിയാൽ പരിപാടിക്ക് അനുമതി നൽകില്ലെന്നും മേയർ വിവി രാജേഷ് പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെതിരെ മാനവീയം വീഥിയിൽ പ്രതിഷേധിച്ചവർക്കതിരെ കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. പിന്നാലെയാണ് സംഗീത പരിപാടി വിലക്കിയതും.
രജത ജൂബിലി ആഘോഷിക്കാൻ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടില്ല. കോർപറേഷൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി അല്ല. ഏതെങ്കിലും നാല് പേർ വന്ന് പരിപാടി നടത്തുമെന്ന് പറഞ്ഞാൽ ശരിയാവില്ല. മാനവീയത്തിൽ സാംസ്കാരിക പരിപാടികൾ കൂടുതൽ നടത്തും. പക്ഷെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. നല്ല ഉദ്ദേശത്തോടെ വേണം പരിപാടികൾ. അനുമതി ഇല്ലാതെ സംഘടിപ്പിച്ചാൽ ബാക്കി പൊലീസ് നോക്കിക്കോളുമെന്നും വി വി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.














