കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കേരള യാത്രയിൽ പങ്കെടുത്തതിന് സമസ്ത ഇ കെ സുന്നി നേതാവിനെതിരെ നടപടി. കോട്ടയം ജില്ല വൈസ് പ്രസിഡന്റ്‌ അബൂ ശമ്മാസ് മൗലവിയെ സംഘടനയിൽ നിന്ന് പുറത്താക്കി. 

കോട്ടയം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കേരള യാത്രയിൽ പങ്കെടുത്തതിന് നടപടി. സമസ്ത ഇ കെ സുന്നി നേതാവിനെതിരെയാണ് നടപടി. കോട്ടയം ജില്ല വൈസ് പ്രസിഡന്റ്‌ അബൂ ശമ്മാസ് മൗലവിയെ സംഘടനയിൽ നിന്ന് പുറത്താക്കി. ഇകെ സമസ്ത കോട്ടയം ജില്ലാ കമ്മിറ്റിയാണ് നടപടി എടുത്തത്. കേരള മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ കാസർകോട്​ നിന്നാരംഭിച്ച കേരള യാത്ര വെള്ളിയാഴ്ച തിരുവനന്തപുരത്ത്​ സമാപിക്കും. ​​​വെള്ളിയാഴ്ച വൈകുന്നേരം നാലിന്​ പാളയത്ത്​ നിന്ന്​ ആരംഭിക്കുന്ന റാലിയും സെന്‍റിനറി ഗാർഡ്​ പരേഡും പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും.

തുടർന്ന്​ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്​ വി ഡി സതീശൻ, യാത്ര ക്യാപ്​റ്റൻ കാന്തപുരം ​എ പി അബൂബക്കർ മുസ്​ലിയാർ, ഇ. സുലൈമാൻ മുസ്​ലിയാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പേരോട്​ അബ്​ദുറഹ്​മാൻ സഖാഫി തുടങ്ങിയവർ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ ജനുവരി ഒന്നിന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തമിഴ്​നാട്ടിലെ നീലഗിരിയിലും പര്യടനം പൂർത്തിയാക്കിയാണ്​ കേരള യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നത്​. യാത്രയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വികസന രേഖ മുഖ്യമന്ത്രിക്ക് കൈമാറും. സമാപന സമ്മേളനത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) നടപ്പാക്കുന്ന റിഹാഇ കെയർ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രിയും കാന്തപുരവും ചേർന്ന് നിർവഹിക്കും.