ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും, പ്രായോഗിക ബുദ്ധിമുട്ടെന്ന് ടിക്കാറാം മീണ

By Web TeamFirst Published Jul 1, 2020, 10:56 AM IST
Highlights

തോമസ് ചാണ്ടി, എൻ. വിജയൻ പിള്ള എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ട സാഹചര്യമുണ്ടായത്

തിരുവനന്തപുരം: കൊവിഡ് വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. നിലവിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിര്‍ബന്ധമെങ്കിൽ ആഗസ്റ്റിന് ശേഷം നടത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അതേ സമയം അന്തിമ തീരുമാനം ജൂലൈ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ ഉണ്ടാകും.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വൈറസ് രോഗം പടരുന്ന സാഹചര്യത്തിലും ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായ സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്ന സമയമാണ്. തെരഞ്ഞെടുപ്പ് ബൂത്തുകളാകുന്ന സ്കൂളുകളും മറ്റും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റിയേക്കും. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വെല്ലുവിളിയാണ്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. നിലവിലെ സാമ്പത്തിക പ്രതിസന്ധികളുടെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് കോടികളുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ വ്യക്തമാക്കുന്നു. 

തോമസ് ചാണ്ടി, എൻ. വിജയൻ പിള്ള എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ട സാഹചര്യമുണ്ടായത്. 2016 മെയിൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി 2021 മെയ് മാസത്തിലാകും അവസാനിക്കുക. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവ് വന്നാൽ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം. നിലവിലെ സാഹചര്യത്തിൽ  തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നത് പാർട്ടികൾക്കും വോട്ടർമാർക്കും ഒരേ പോലെ വെല്ലുവിളിയാകും. 

click me!