
കൊച്ചി : നെടുമ്പാശ്ശേരി ദേശീയപാതയിൽ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ദേശീയപാത കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. ഹാഷിമിന്റെ മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. റോഡ് അറ്റകുറ്റപണിയ്ക്കായി കമ്പനിയ്ക്ക് 18 വർഷത്തെ കരാറാണുള്ളത്. എന്നാൽ റോഡ് അറ്റകുറ്റ പണി നടത്തുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നും പൊലീസ് വിശദീകരിച്ചു. റോഡിലെ കുഴിയിൽ വീണ ഹാഷിം വാഹനമിടിച്ചാണ് മരിച്ചത്. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പരാതികൾ കൂടുന്നുവെന്നും റോഡുകളിലെ അറ്റകുറ്റപണിയടക്കം കരാർ വ്യവസ്ഥ പാലിക്കണമെന്നും അറിയിച്ച് ജൂണ്‍ 24ന് ദേശീയപാത അതോറിറ്റി കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് നൽകിയിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും കമ്പനി റോഡ് അറ്റകുറ്റപ്പണിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നതോടെയാണ് ഒരു ജീവൻ കൂടി പൊലിഞ്ഞത്.
അതിനിടെ, സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമ്പാശേരിക്കടുത്ത് കുഴിയിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ പാതയിലെ കുഴികളയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് തൃശ്ശൂർ- എറണാകുളം ദേശീയപാതയിലെ മുഴുവൻ കുഴികളും അടയ്ക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി.
പത്ത് വർഷം, പാലിയേക്കരയില്‍ റോഡ് നിര്‍മാണത്തിന് ചിലവായതിനേക്കാൾ തുക പിരിച്ച് ടോള്‍ കമ്പനി
പാലിയേക്കരയില്‍ ടോള്‍ തുടങ്ങി പത്തു കൊല്ലം പിന്നിടുമ്പോള്‍ റോഡ് നിര്‍മാണത്തിന് ചിലവായ തുകയേക്കാള്‍ ടോള്‍ കമ്പനി ഇതിനോടകം പിരിച്ചെടുത്തു. 721.17 കോടി രൂപയാണ് മണ്ണൂത്തി-ഇടപ്പള്ളി നാല് വരിപ്പാത നിര്‍മാണത്തിന് ആകെ ചെലവായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 957.68 കോടി പിരിഞ്ഞു കിട്ടിയതായാണ് വിവരാവകാശ രേഖയില്‍ ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കുന്നത്. അതായത് ചിലവായതിനേക്കാൾ ഏകദേശം ഇരുനൂറ് കോടിയിലേറെ തുക ടോൾ ഇനത്തിൽ പിരിച്ചെടുത്തുവെന്ന് വ്യക്തം... കൂടുതൽ ഇവിടെ വായിക്കാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam