
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പട്ടാപ്പകൽ വയോധികയുടെ മാല പൊട്ടിച്ച സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. മുഖ്യപ്രതി റാന്നി സ്വദേശി ബിനു തോമസിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. 72 കാരിയുടെ മൂന്നരപവന്‍റെ മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.
പത്തനംതിട്ട നഗരത്തിലെ ലോഡ്ജിൽ നിന്ന് പുലർച്ചെയാണ് ബിനു തോമസ് പിടിയിലാകുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് 72 കാരി ഉഷ ജോർജ്ജിന്‍റെ മാല ബൈക്കിലെത്തിയ സംഘം കവർന്നത്. സിസിവിടി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.
പ്രതികൾ പിടിയിലായതിന്‍റെ സന്തോഷത്തിലാണ് മോഷണത്തിന് ഇരയായ ഉഷ ജോർജ്ജ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. മാല പൊട്ടിച്ച് ഓടുന്നത് കണ്ടെ അയൽവാസി തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുഖ്യപ്രതി ബിനുവിനൊപ്പം മാലപൊട്ടിച്ച രണ്ടാംപ്രതി കൊടുമൺ സ്വദേശി ബിനീഷ് ഇനി പിടിയിലാകാനുണ്ട്. മാല വിൽക്കാൻ സഹായിച്ച കുലശേഖരപേട്ട സ്വദേശി മമ്മദ്, അടൂർ സ്വദേശി സജി എന്നിവർ പിടിയിലായിട്ടുണ്ട്.