യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് പിടിമുറുക്കാൻ 'ഉമ്മൻ ചാണ്ടി ബ്രിഗേഡ്', അഭിജിത്തിനും വിഷ്ണുവിനും വേണ്ടി 27 ഭാരവാഹികൾ ദേശീയ നേതൃത്വത്തിന് കത്തയച്ചു

Published : Aug 25, 2025, 09:01 AM ISTUpdated : Aug 25, 2025, 09:22 AM IST
km abhijith

Synopsis

സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ലെങ്കിൽ കെ എം അഭിജിത്തിനാണ് ഉമ്മൻചാണ്ടി ബ്രിഗേഡിന്‍റെ പിന്തുണ

തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ രാജവച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് കനക്കുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് അവകാശ വാദമുന്നയിച്ച് ഉമ്മൻ ചാണ്ടി ബ്രിഗേഡും രംഗത്തെത്തി. കെ എം അഭിജിത്ത്, വിഷ്ണു സുനിൽ പന്തളം എന്നിവർക്കായാണ് ഉമ്മൻ ചാണ്ടി ബ്രിഗേഡ് രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ലെങ്കിൽ കെ എം അഭിജിത്തിനാണ് ഉമ്മൻചാണ്ടി ബ്രിഗേഡിന്‍റെ പിന്തുണ. ഇതിനൊപ്പം തന്നെ വിഷ്ണു സുനിൽ പന്തളത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പകരക്കാരൻ ഈ 2 പേരിൽ ഒരാളായിരിക്കണമെന്ന നിലപാടാണ് ഉമ്മൻചാണ്ടി ബ്രിഗേഡ് മുന്നോട്ട് വച്ചിരിക്കുന്നത്.

അതേസമയം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവമായി തുടരുകയാണ്. തങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങിയതോടെ മത്സരത്തിന് ചൂടേറിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, നിലവിലെ വൈസ് പ്രസിഡന്‍റ് അബിൻ വർക്കി,കെ എസ്‍ യു മുൻ സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് എന്നിവർക്ക് വേണ്ടിയാണ് ആദ്യഘട്ടം മുതലേ ഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് കരുനീക്കങ്ങൾ നടത്തുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും താത്പര്യം അബിൻ വർക്കി അധ്യക്ഷ സ്ഥാനത്തെത്തണം എന്നതാണ്. മുൻ സംഘടനാ തിരഞ്ഞെടുപ്പിൽ അബിൻ വർക്കിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു എന്ന വാദമാണ് ചെന്നിത്തല പക്ഷം ഉയർത്തുന്നത്. എം കെ രാഘവൻ എം പിയും എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് ആദ്യ ഘട്ടത്തിൽ കെ എം അഭിജിത്തിനെ പിന്തുണച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് വരട്ടെ എന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനിടയിലേക്കാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി ബ്രിഗേഡും കെ എം അഭിജിത്തിനായി സജീവമായി രംഗത്തെത്തിയത്. അവസാന നിമിഷം വരെ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

PREV
Read more Articles on
click me!

Recommended Stories

മകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 17കാരനെ പിടികൂടിയ പിതാവിനെതിരെ പൊലീസ് കേസ്; ദുരൂഹത ആരോപിച്ച് കുടുംബം
ഇരട്ടപ്പദവി: സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി, കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി