കാൻസറില്ലാതെ കീമോ: അന്വേഷണ റിപ്പോർട്ടിൽ ഡോക്ടർമാർക്ക് പിഴവുണ്ടായതായി പറയുന്നില്ലെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jun 20, 2019, 10:02 AM IST
Highlights

"റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. സ്വകാര്യ ലാബുകളിലെ പരിശോധന ഫലങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്" ആരോഗ്യ മന്ത്രി

തിരുവല്ല:  കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി നൽകിയ സംഭവത്തിൽ പ്രിൻസിപ്പലിന്‍റെ അന്വേഷണ റിപ്പോർട്ടിൽ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചതായി പറയുന്നില്ലെന്ന്  ആരോഗ്യ മന്ത്രി കെകെ ഷൈലജ. അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.  

"റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. സ്വകാര്യ ലാബുകളിലെ പരിശോധന ഫലങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല " - ആരോഗ്യ മന്ത്രി പറഞ്ഞു.

തെളിവെടുപ്പിനായി സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം കോട്ടയം മെഡിക്കൽ കോളേജിൽ  എത്തിയപ്പോൾ കീമോ തെറാപ്പി ചെയ്ത രജനിയുടെ മൊഴി എടുത്തിരുന്നില്ല. തന്‍റെ മൊഴിയെടുക്കാതെ കുറ്റക്കാരായ ഡോക്ടർമാരെ രക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായി പരാതിക്കാരിയായ രജനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

തെറ്റായ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തെറാപ്പി മാറി നൽകിയ സംഭവത്തിൽ പരാതിക്ക‌ാരിയായ കുടശ്ശനാട് സ്വദേശി രജനി ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി മൂന്നംഗ വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ വിശ്വനാഥൻ, ഡോ കൃഷ്ണ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ അജയകുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടത്. 

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് നിരന്തരമായി പ്രശ്നങ്ങളുണ്ടെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ നേരത്തെ പറഞ്ഞിരുന്നു. മെഡിക്കൽ കോളേജിന് മുന്നിൽ പ്രവർത്തിക്കുന്ന സിഎംസി ക്യാൻസർ സെന്‍ററിൽ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നു റിപ്പോ‌ർട്ട്.  ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്  ഡോ. സുരേഷ് കുമാർ കീമോ ചെയ്യാൻ നിർദ്ദേശിച്ചത്.  

മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്വകാര്യ ലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ, മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു
 

click me!